ദോഹ : ഖത്തർ ലോകകപ്പിൽ പൊരുതി കളിച്ച മൊറോക്കോയെ പരാജയപ്പെടുത്തി ക്രൊയേഷ്യ മൂന്നാമത്. ഖലീഫ ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ ഒന്നിനെതിരെ രണ്ടു ഗോളിനാണ് ലൂക്കാ മോഡ്രിച്ചും സംഘവും ജയം നേടിയത്. ജോസ്കോ ഗ്വാർഡിയോൾ, മിസ്ലാവ് ഓർസിച്ച് എന്നിവരാണ് ക്രൊയേഷ്യക്ക് വേണ്ടി വല കുലുക്കിയത്. അച്രാഫ്
ദാരിയുടെ വകയായിരുന്നു മൊറോക്കോയുടെ ആശ്വാസ ഗോൾ. തോറ്റെങ്കിലും ഫിഫ ലോകകപ്പിൽ ചരിത്ര നേട്ടത്തോടെ തല ഉയര്‍ത്തി തന്നെയാണ് മൊറോക്കോ മടങ്ങുന്നത്. ഇരു ടീമുകളും ഒപ്പത്തിനൊപ്പം പോരാടിയ മത്സരത്തിന്റെ ആദ്യ പകുതിയിലാണ് മൂന്നു ഗോളുകളും പിറന്നത്. മത്സരത്തിലുടനീളം പന്തടക്കത്തില്‍ ആധിപത്യം പുലര്‍ത്തിയ
ക്രൊയേഷ്യ കളിതുടങ്ങി ഏഴാം മിനിറ്റില്‍ തന്നെ തകര്‍പ്പന്‍ ഗോളിലൂടെ മുന്നിലെത്തി. ബോക്സിനു തൊട്ടടുത്തു നിന്ന് ലഭിച്ച ഫ്രീകിക്കില്‍, മോഡ്രിച്ച് നല്കി പന്ത് ഗ്വാര്‍ഡിയോള്‍ കൃത്യമായൊരു ഹെഡറിലൂടെ വലയിലാക്കുകയായിരുന്നു. തൊട്ടുപിന്നാലെ ഒമ്പതാം മിനുട്ടിൽ മൊറോക്കോയും ഗോൾ നേടി. മൊറോക്കോയ്ക്ക് ലഭിച്ച ഫ്രീകിക്ക് അച്രാഫ്
ദാരിയിലൂടെ ഗോളടിച്ച് സമനിലയിലാക്കി. 42ാം മിനുട്ടിൽ മൊറോക്കൻ ഗോൾവല വീണ്ടും കുലുങ്ങി. മിസ്ലാവ് ഓർസിച്ചാണ് ക്രൊയേഷ്യയുടെ രണ്ടാമത്തെ ഗോൾ നേടിയത്. സമനില ഗോളിനായി അവസാന സെക്കൻഡ് വരെ വീറോടെ പൊരുതിയ മൊറോക്കോ ഫിഫ ലോകകപ്പിന്റെ ചരിത്രത്തില്‍ ഒരു ആഫ്രിക്കന്‍ ടീമിന്റെ ഏറ്റവും മികച്ച പ്രകടനമെന്ന നേട്ടത്തോടെ തല ഉയര്‍ത്തി തന്നെയാണ് മടങ്ങുന്നത്.
Discussion about this post