കൊളംബോ : പ്രേമദാസ സ്റ്റേഡിയത്തില്‍ ഇന്നലെ സിറാജ് സൺഡേയായിരുന്നു. ഏഷ്യാ കപ്പില്‍ കഴിഞ്ഞ തവണത്തെ ചാമ്പ്യന്മാരായ ശ്രീലങ്കയെ വെറും 50 റണ്‍സിന് ഇന്ത്യ ചുരുട്ടിക്കെട്ടുമ്പോള്‍ വിജയത്തിന് ചുക്കാന്‍ പിടിച്ചത് ആറ് വിക്കറ്റുകളുമായി സിറാജാണ്. സിറാജ് എറിഞ്ഞ നാലാം ഓവറാണ് ഇന്ത്യക്ക് ഏറെ നിര്‍ണായകമായത്. ആ ഓവറില്‍ നാല് ശ്രീലങ്കന്‍ ബാറ്റര്‍മാരാണ് കൂടാരം കയറിയത്.
ഏഴോവറില്‍ 21 റണ്‍സ് മാത്രം വഴങ്ങി ആറ് വിക്കറ്റാണ് മത്സരത്തില്‍ സിറാജ് പിഴുതത്. ഏഷ്യാ കപ്പ് ഫൈനലുകളുടെ ചരിത്രത്തിലെ ഏറ്റവും മികച്ച രണ്ടാമത്തെ പ്രകടനമാണിത്. ഒരോവറിൽ നാല് വിക്കറ്റ് നേട്ടം കരസ്ഥമാക്കുന്ന ആദ്യ ഇന്ത്യൻ ബോളറും സിറാജ് തന്നെ.
കളിയുടെ താരമായി തെരഞ്ഞെടുക്കപ്പെട്ട സിറാജ് മത്സരശേഷം തനിക്ക് ലഭിച്ച സമ്മാനത്തുക പ്രേമദാസ സ്റ്റേഡിയത്തിലെ ഗ്രൗണ്ട് സ്റ്റാഫുകള്‍ക്ക് സമ്മാനിച്ച് ആരാധകരുടെ മനസ്സും കീഴടക്കിയിരിക്കുകയാണിപ്പോള്‍. മാന്‍ ഓഫ് ദ മാച്ച് മാച്ച് പുരസ്കാരമായി തനിക്ക് ലഭിച്ച 5000 ഡോളറാണ് സിറാജ് ഗ്രൗണ്ട് സ്റ്റാഫുകള്‍ക്ക് സമ്മാനിച്ചത്. ഗ്രൗണ്ട് സ്റ്റാഫുകള്‍ ഇല്ലായിരുന്നെങ്കില്‍ ഈ ടൂര്‍ണമെന്റ് വിജയകരമായി നടക്കില്ലായിരുന്നു എന്നും ഈ തുക അവര്‍ക്കുള്ളതാണെന്നും സിറാജ് സമ്മാനദാനച്ചടങ്ങിനിടെ പറഞ്ഞു.
പലപ്പോഴും മഴ രസംകൊല്ലിയായെത്തിയ ടൂര്‍ണമെന്റില്‍ ഗ്രൗണ്ട് സ്റ്റാഫുകളുടെ സേവനം ഏറെ പ്രശംസ പിടിച്ച് പറ്റിയിരുന്നു. അവര്‍ക്കുള്ള ആദരമായാണ് സിറാജ് സമ്മാനത്തുക കൈമാറാനുള്ള തീരുമാനം അറിയിച്ചത്. നിരവധി പേരാണിപ്പോള്‍ സിറാജിന് അഭിനന്ദനവുമായി രംഗത്തെത്തുന്നത്.
ഒരുപിടി റെക്കോര്‍ഡുകളാണ് ഏഷ്യാ കപ്പ് കലാശപ്പോരില്‍ പിറവിയെടുത്തത്. ഇന്ത്യയുടെ ഏറ്റവും വലിയ ഏകദിന ജയമാണിത്. 263 പന്ത് ബാക്കി നിൽക്കേയാണ് ഇന്ത്യ ജയം കുറിച്ചത്. 2001ൽ 231 പന്ത് ബാക്കി നിൽക്കേ കെനിയക്കെതിരെ നേടിയ വിജയത്തിന്റെ റെക്കോർഡാണ് ഇതോടെ പഴങ്കഥയായത്. ഒപ്പം ഇന്ത്യയുടെ വിജയശില്‍പ്പിയായ സിറാജും ചരിത്രപുസ്തകത്തില്‍ തന്റെ പേരെഴുതിച്ചേര്‍ത്തു. ഒരോവറില്‍ നാല് വിക്കറ്റ് നേട്ടം കരസ്ഥാമാക്കുന്ന ആദ്യ ഇന്ത്യന്‍ ബോളറാണ് സിറാജ്. ഏഷ്യാ കപ്പ് ഫൈനലിലെ ഏറ്റവും മികച്ച രണ്ടാമത്തെ പ്രകടനം കൂടിയാണിത്.
Discussion about this post