ഒറ്റപ്പാലം∙ മാന്നനൂർ റെയിൽവേ സ്റ്റേഷനിൽ മേൽപ്പാലം നിർമാണത്തിനിടെ ക്രെയിൻ ട്രാക്കിൽ കുരുങ്ങി മണിക്കൂറുകളോളം ട്രെയിൻ ഗതാഗതം ഭാഗികമായി തടസപ്പെട്ടു. പാലക്കാട് ഭാഗത്തേക്കുള്ള അപ്ലൈനിലായിരുന്നു ഗതാഗത തടസം. നിർമാണത്തിലിരിക്കുന്ന ഫൂട് ഓവർ ബ്രിജിന്റെ ഗർഡറുകൾ നീക്കുന്നതിനിടെയാണ് ക്രെയിനിന് യന്ത്രത്തകരാറു സംഭവിച്ചത്. രാവിലെ പതിനൊന്നോടെ തകരാറു സംഭവിച്ചെങ്കിലും ഈ സമയത്തു ട്രെയിനുകൾ കുറവായതിനാൽ ഗതാഗതത്തെ കാര്യമായി ബാധിച്ചില്ല. സുരക്ഷാ സംവിധാനങ്ങളുമായി എൻജീനിയറിങ് വിഭാഗം എത്തിയാണു ക്രെയിൻ നീക്കാനുള്ള ശ്രമങ്ങൾ തുടങ്ങിയത്.
ഉച്ച കഴിഞ്ഞതോടെ പ്രശ്നം ഗതാഗതത്തെ ബാധിച്ചു തുടങ്ങി. അപ്ലൈൻ വഴി പാലക്കാട് ഭാഗത്തേക്കുള്ള ട്രെയിനുകളെ ഡൗൺലൈൻ വഴിയാണ് തിരിച്ചുവിട്ടത്. ഇതിനായി ചില ട്രെയിനുകളെ യാത്രാമധ്യേ പിടിച്ചിട്ടു. മറ്റു രണ്ടു ക്രെയിനുകളെത്തി കെട്ടിവലിച്ചാണ് തകരാറിലായ ക്രെയിൻ ട്രാക്കിൽ നിന്നു നീക്കിയത്. വൈകിട്ടു നാലേമുക്കാലോടെ ട്രാക്കിൽ ഗതാഗതം പുന:സ്ഥാപിച്ചു.
Discussion about this post