വയനാട്: സിപിഎം ജില്ലാ കമ്മിറ്റി രൂപീകരിച്ചതുമുതല്‍വയനാട്ടില്‍, ജില്ലാ സെക്രട്ടറിയറ്റംഗവും ജില്ലയുടെ രൂപീകരണത്തിന് ശേഷം കാല്‍നൂറ്റാണ്ടുകാലം ജില്ലാ സെക്രട്ടറിയുമായിരുന്ന പി.എ. മുഹമ്മദ് (84)അന്തരിച്ചു. വൈത്തിരി ചേലോട് ഗുഡ്ഷെപ്പേര്‍ഡ് ആശുപത്രിയില്‍ വെള്ളിയാഴ്ച രാവിലെ 11.30 ഓടെയായിരുന്നു അന്ത്യം. നേരിയതോതിലുള്ള പക്ഷാഘാതത്തെ തുടര്‍ന്ന് ഒരുമാസമായി ചികിത്സയിലായിരുന്നു. വ്യാഴാഴ്ച രാത്രി രോഗം മൂര്‍ച്ചിച്ചതിനെ തുടര്‍ന്ന് വീട്ടില്‍നിന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോവുകയായിരുന്നു. സംസ്‌ക്കാരം നടത്തി.
1973ല്‍ സിപിഎം വയനാട് ജില്ലാ കമ്മിറ്റി രൂപീകരിച്ചപ്പോള്‍ മുതല്‍ സെക്രട്ടറിയറ്റംഗമായി പ്രവര്‍ത്തിച്ച പി.എ. മുഹമ്മദ് കാല്‍ നൂറ്റാണ്ട് കാലം ജില്ലാ സെക്രട്ടറിയായി പാര്‍ട്ടിയെ നയിച്ചു. സിപിഎം സംസ്ഥാന കമ്മറ്റി അംഗം ,സിഐടിയു ജില്ലാ പ്രസിഡന്റ്, വൈത്തിരി പ്രാഥമിക കാര്‍ഷിക ഗ്രാമവികസന ബാങ്ക് പ്രസിഡന്റ്, മേപ്പാടി പഞ്ചായത്ത് പ്രസിഡന്റ് , ദേശാഭിമാനി ഡയറക്ടര്‍ ബോര്‍ഡംഗം എന്നിങ്ങനെ വ്യത്യസ്ത മേഖലകളില്‍ സംഘാടകനായും സഹകാരിയായും നേതൃപാടവും പ്രകടിപ്പിച്ചു.
1958ല്‍ പാര്‍ട്ടി അംഗത്വം ലഭിച്ച പി.എ. കര്‍ഷകസംഘം വില്ലേജ് ജോയിന്റ് സെക്രട്ടറിയായാണ് പ്രവര്‍ത്തനം തുടങ്ങിയത്. 1973ല്‍ സി.പി.എം വയനാട് ജില്ലാ കമ്മിറ്റി രൂപീകരിച്ചപ്പോള്‍ സെക്രട്ടറിയറ്റംഗമായി. 1982 മുതല്‍ 2007 വരെ ജില്ലാ സെക്രട്ടറിയും സംസ്ഥാന കമ്മറ്റി അംഗവുമായി. 2017ല്‍ ആരോഗ്യപരമായ കാരണങ്ങളാല്‍ ഒഴിവാകും വരെ സംസ്ഥാന സമിതി അംഗമായിരുന്നു. അടിയന്തരാവസ്ഥ കാലത്തും തൊഴിലാളികളുടേയും കര്‍ഷകരുടേയും അവകാശപ്പോരാട്ടങ്ങള്‍ക്ക് നേതൃത്വം നല്‍കിയതിന്റെ പേരിലും നിരവധി തവണ ജയില്‍ വാസം അനുഭവിച്ചു.
ഭാര്യ: പരേതയായ നബീസ. മക്കള്‍: നിഷാദ്(കെഎസ്ഇബി കോണ്‍ട്രാക്ടര്‍) നെരൂദ (എന്‍ജിനിയര്‍, കെഎസ്ഇബി), സലിം (പരേതന്‍). മരുമക്കള്‍: ഹാജ്റ (എസ്എസ്എ ഓഫീസ്), സീന, മിസ്രി. സഹോദരങ്ങള്‍: സെയ്ദ്, ഹംസ, ആസ്യ, നബീസ, കുഞ്ഞിപ്പാത്തുമ്മ, പരേതനായ ബീരാന്‍.
Discussion about this post