കൊച്ചി: പാര്‍ട്ടി ഹൈക്കമാൻ്റിൻ്റെ വിലക്ക് ലംഘിച്ച് കോണ്‍ഗ്രസ് നേതാവ് കെ വി തോമസ് സി പി ഐ എം പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുക്കും. കോണ്‍ഗ്രസ് ഉപേക്ഷിക്കില്ലെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തിൽ വ്യക്തമാക്കി.
രാഷ്ട്രീയ ജീവിതത്തിലെ സുപ്രധാന തീരുമാനം അറിയിക്കുന്നുവെന്ന് പറഞ്ഞാണ് കെ വി തോമസ് വാര്‍ത്താ സമ്മേളനം ആരംഭിച്ചത്. താന്‍ നൂലില്‍ കെട്ടി വന്നയാളല്ലെന്നും കോണ്‍ഗ്രസില്‍ അച്ചടക്കത്തോടെ നിന്നയാളാണ് താനെന്നും അദ്ദേഹം പറഞ്ഞു. പാര്‍ട്ടിയില്‍നിന്നു പുറത്താക്കുമെന്നു തന്നെ ഭീഷണിപ്പെടുത്തി. അതു ശരിയാണോയെന്നും തോമസ് ചോദിച്ചു. താന്‍ കണ്ണൂരില്‍ നടക്കുന്ന സി പി ഐ എം പാര്‍ട്ടി കോണ്‍ഗ്രസ് സെമിനാറില്‍ പങ്കെടുക്കുമെന്നും അദ്ദേഹം നിലപാട് വ്യക്തമാക്കി.
സി പി ഐ എം സെമിനാറിന് ദേശീയ രാഷ്ട്രീയ പ്രാധാന്യമുണ്ട്. കേന്ദ്ര- സംസ്ഥാന ബന്ധം സംബന്ധിച്ച നെഹ്റുവിയന്‍ കാഴ്ചപ്പാടാണ് തനിക്കുള്ളത്. അച്ചടക്കത്തോടെയാണ് നാളിതുവരെ ഈ പാര്‍ട്ടിക്കൊപ്പം നിന്നിട്ടുള്ളത്. പാര്‍ട്ടി ഏല്‍പ്പിച്ച എല്ലാ ചുമതലകളും കൃത്യമായി നിര്‍വഹിച്ചു. എന്നിട്ടും ഭീഷണിപ്പെടുത്തുന്ന നിലപാടാണ് പാര്‍ട്ടി സ്വീകരിച്ചത്.
2019 ല്‍ സീറ്റ് നിഷേധിച്ചു. ടിവിയിലാണ് സീറ്റ് നിഷേധിച്ച കാര്യം അറിഞ്ഞത്. എന്നിട്ടും പ്രതികരിച്ചില്ല. ഒന്നര വര്‍ഷം കാത്തിരുന്നു. പാര്‍ട്ടിയില്‍ ഒരു പരിഗണയും ലഭിച്ചില്ല. 7 പ്രാവശ്യം തെരഞ്ഞെടുപ്പില്‍ ജയിച്ചത് ജനങ്ങള്‍ നല്കി അംഗീകാരമായിരുന്നു. എ ഐ സി സി അംഗമായ തന്നെ പുറത്താക്കാന്‍ കെ പി സി സിക്കാകില്ലെന്നും കെ വി തോമസ് വ്യക്തമാക്കി.
Discussion about this post