കണ്ണൂര്‍: സിപിഎം 23–ാം പാര്‍ട്ടി കോണ്‍ഗ്രസ് വിളംബരംചെയ്തുള്ള റെഡ് ഫ്‌ളാഗ് ഡേ വെള്ളിയാഴ്ച. തലശേരി ജവഹര്‍ഘട്ടില്‍നിന്ന് കണ്ണൂര്‍ കാല്‍ടെക്സിലെ എ കെ ജി പ്രതിമ വരെ 23 കീലോമീറ്റര്‍ നീളത്തില്‍ ദേശീയപാതയില്‍ തുടര്‍ച്ചയായി ചെങ്കൊടി ഉയര്‍ത്തിപ്പിടിച്ചാണ് ഫ്‌ളാഗ് ഡേ. വൈകിട്ട് അഞ്ചിനാണ് പരിപാടി.
15 മീറ്റര്‍ നീളത്തിലുള്ള ചെമ്പതാകകളാണ് പാര്‍ട്ടി നേതാക്കളും പ്രവര്‍ത്തകരും ചേര്‍ന്ന് ഇടതടവില്ലാതെ 23 കിലോമീറ്ററില്‍ പിടിക്കുക. ഇവ തമ്മില്‍ ചേര്‍ത്തുകെട്ടും. 5 മണി മുതല്‍ 5.15 വരെയാണ് പരിപാടി. ജവഹര്‍ ഘട്ടില്‍ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ഫ്‌ളാഗ് ഡേ പ്രഖ്യാപനം നടത്തും. എ കെ ജി സ്‌ക്വയറില്‍ കേന്ദ്രകമ്മിറ്റിയംഗങ്ങളായ ഇ പി ജയരാജന്‍, എം വി ഗോവിന്ദന്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
കരിവെള്ളൂര്‍ രക്തസാക്ഷി സ്മാരകം മുതല്‍ മാഹി പൂഴിത്തലയില്‍ പ്രത്യേകം ഒരുക്കുന്ന ചെറുകല്ലായി രക്തസാക്ഷി കവാടംവരെ ഇടവിട്ട് 53 പ്രധാന കേന്ദ്രങ്ങളില്‍ 150 മീറ്റര്‍ വീതം നീളമുള്ള ചെങ്കൊടിയേന്തിയും ജനങ്ങള്‍ അണിനിരക്കും. ആകെ 82 കീലോമീറ്റര്‍ നീളത്തില്‍ കൊടി ഉയര്‍ത്തിപ്പിടിച്ച് ചങ്ങലയായി മാറുന്ന രാജ്യത്തെ ആദ്യപരിപാടി ചരിത്രസംഭവമായി മാറും. യുഎഫ് വേള്‍ഡ് റെക്കൊഡിനുവേണ്ടി സുനില്‍ ജോസഫിന്റെ നേതൃത്വത്തിലുള്ള സംഘം ഫ്‌ളാഗ് ഡേ പരിശോധിക്കുകയും ചിത്രീകരിക്കുകയും ചെയ്യും.
Discussion about this post