പയ്യോളി: സി പി ഐ എം തിക്കോടി സൗത്ത് ലോക്കൽ സെക്രട്ടറിയെ പുറത്താക്കി. കളത്തിൽ ബിജുവിനെയാണ് ഇന്ന് പയ്യോളി ഏരിയ കമ്മിറ്റി ഓഫീസിൽ ചേർന്ന യോഗത്തിൽ പുറത്താക്കിയതായി അറിയിച്ചത്. താത്കാലിക ചുമതല തുറയൂരിലെ വി ഹമീദ് മാസ്റ്റർക്ക് നൽകിയിട്ടുണ്ട്.
സി പി എമ്മിലെ കടുത്ത വിഭാഗീയതയുടെ ഇരയാണ് കളത്തിൽ ബിജുവെന്ന് പറയുന്നു. തിക്കോടി ലോക്കലിലെ വനിതാ അംഗത്തെ ജില്ലാ കമ്മിറ്റിയിലേക്കെടുത്തത് തിക്കോടി ലോക്കലിലെ ഭൂരിഭാഗം പേരും എതിർത്തിരുന്നു. ജില്ലാ സമ്മേളനത്തിന് ശേഷം, രണ്ടാഴ്ച മുമ്പ് വിളിച്ച് ചേർത്ത ലോക്കൽ കമ്മിറ്റിയിൽ 15 അംഗങ്ങളിൽ 13 പേരും വനിതാ അംഗത്തിൻ്റെ സ്ഥാനലബ്ലിയിൽ എതിർപ്പ് പ്രകടിപ്പിച്ചിരുന്നു. ഇതാണ് ഏരിയാ കമ്മിറ്റി നേതൃത്വത്തെ പ്രകോപിപ്പിച്ചതെന്നാണ് അറിയുന്നത്. അതേ സമയം, കഴിഞ്ഞ ഏരിയാ സമ്മേളനത്തിൽ, പയ്യോളി നഗരസഭ ഭരണം എൽ ഡി എഫിന് നഷ്ടമായത് സംബന്ധിച്ചു മുതിർന്ന നേതാവായ ടി ചന്തുവിനെ വിമർശിച്ചതും ഏരിയാ കമ്മിറ്റിയുടെ നിലവിലുള്ള സെക്രട്ടറിക്കെതിരെ മത്സരിച്ചതും ബിജുവിനെ പുറത്താക്കാനുള്ള നടപടിക്ക് ആക്കം കൂട്ടിയതായാണ് പറയപ്പെടുന്നത്.
ഇന്ന് കാലത്ത് പയ്യോളി ഏരിയാ കമ്മിറ്റി ഓഫീസിൽ ചേർന്ന സംയുക്ത യോഗത്തിലാണ് പുറത്താക്കിയതായി അറിയിച്ചത്. ജില്ലാ സെക്രട്ടറി മോഹനൻ മാസ്റ്റർ ചുമതലപ്പെടുത്തിയതനുസരിച്ചു ജില്ല സെക്രട്ടറിയേറ്റ് അംഗങ്ങളായ കെ കെ ദിനേശൻ, കെ കെ മുഹമ്മദ്, ഏരിയാ കമ്മിറ്റി സെക്രട്ടറി എം പി ഷിബു, എന്നിവരും ജില്ലാ കമ്മിറ്റിയംഗം ഡി ദീപ, ടി ചന്തു, തിക്കോടിയിലെ ലോക്കൽ അംഗങ്ങളുമാണ് ഇന്ന് നടന്ന കമ്മിറ്റിയിൽ പങ്കെടുത്തത്. ലോക്കലിലെ 13 അംഗങ്ങളും പുറത്താക്കിയ നടപടിയെ എതിർത്തുവെങ്കിലും നേതൃത്വം ഉറച്ചു നിൽക്കുകയായിരുന്നു എന്നാണ് ലഭിക്കുന്ന വിവരം.
സി പി എമ്മിൻ്റെ മുഖമായ കളത്തിൽ ബിജുവിനെ പുറത്താക്കിയത് പാർട്ടിക്കുള്ളിൽ വിഭാഗീയത രൂക്ഷമാകാൻ കാരണമാകുമെന്നാണറിയുന്നത്.
Discussion about this post