കണ്ണൂര്‍: സി പി ഐ എം 23-ാം പാര്‍ട്ടി കോണ്‍ഗ്രസ് പ്രതിനിധി സമ്മേളനത്തിന് പന്തലൊരുങ്ങുന്നു. ബര്‍ണശേരി നായനാര്‍ അക്കാദമിയിലാണ് ടെന്‍സൈല്‍ സാങ്കേതികവിദ്യയില്‍ വിശാലമായ പന്തല്‍. സ്റ്റേജിലെ നാല് ട്രസ് വ്യാഴാഴ്ച രാത്രിയോടെ സ്ഥാപിച്ചു. അക്കാദമി സ്ഥിതിചെയ്യുന്നത് കടലിനോടടുത്ത പ്രദേശത്തായതിനാല്‍ കടല്‍ക്കാറ്റേറ്റ് ദ്രവിക്കാതിരിക്കാന്‍ അനൊഡൈസ്ഡ് അലൂമിനിയം ഫാബ്രിക്കേഷനാണ് ഉപയോഗിക്കുന്നത്. ടെന്‍സൈല്‍ ഫാബ്രിക്കുകൊണ്ടാണ് മേല്‍ക്കൂര. ഭിത്തിയുടെ ഭൂരിഭാഗവും ടെന്‍സൈല്‍ ഫാബ്രിക്കാണ്. 44,000 ചതുരശ്ര മീറ്റര്‍ ടെന്‍സൈല്‍ ഫാബ്രിക്ക് അടുത്തദിവസം എത്തിക്കും.
80 മീറ്റര്‍ നീളവും 40 മീറ്റര്‍ വീതിയുമുള്ള ഹാളില്‍ 18 ട്രസ് സ്പാനുകളാണുള്ളത്. 34,000 ചതുരശ്ര മീറ്റര്‍ വിസ്തൃതിയുള്ള ഹാള്‍ പാര്‍ടി കോണ്‍ഗ്രസിനുശേഷവും ഉപയോഗിക്കാവുന്ന തരത്തിലാണ് നിര്‍മിക്കുന്നത്. മധ്യഭാഗത്ത് പത്ത് മീറ്ററും ഇരുവശങ്ങളും നാല് മീറ്ററുമാണ് ഹാളിന്റെ ഉയരം. ആയിരം പേര്‍ക്ക് ഇരിക്കാനുള്ള സൗകര്യമുണ്ട്. തൂണുകളില്ലാത്തതിനാല്‍ എവിടെയും കാഴ്ചയ്ക്ക് തടസമുണ്ടാകില്ല.
Discussion about this post