കണ്ണൂര്‍: സർക്കാരിൻ്റെ മദ്യനയത്തില്‍ സി പി ഐ പാര്‍ട്ടി നിലപാടായി എതിര്‍പ്പ് അറിയിച്ചിട്ടില്ലെന്നും ചില വ്യക്തികളുടെ പ്രസ്താവനകള്‍ മാത്രമാണ് പുറത്തുവന്നിട്ടുള്ളതെന്നും സി പി ഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ വ്യക്തമാക്കി. സി പി ഐയും സി പി ഐ എമ്മും തമ്മില്‍ നല്ല ബന്ധമാണുള്ളത്. എല്ലാക്കാര്യങ്ങളും ആലോചിച്ചുതന്നെയാണ് ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.
കള്ളുഷാപ്പുകളുടെ ദൂരപരിധി സംബന്ധിച്ച പ്രശ്‌നമാണ് എ ഐ ടി യു സി ഉന്നയിച്ചിരിക്കുന്നത്. ചെത്തുതൊഴിലാളികളുടെ സംഘടനയും ആ പ്രശ്‌നം ഉന്നയിച്ചിട്ടുണ്ട്.ഇതുമായി ബന്ധപ്പെട്ട് ഹൈക്കോടതിയിലെ ചില വിധികളും നിലനില്‍ക്കുന്ന സാഹചര്യത്തിൽ എത്രത്തോളം പ്രശ്‌ന പരിഹാരം പ്രായോഗികമാകുമെന്ന് വ്യക്തമാകാത്തതിനാലാണ് തീരുമാനമൊന്നുമെടുക്കാത്തതെന്ന് കോടിയേരി പറഞ്ഞു.
മദ്യനയത്തില്‍ അഴിമതിയെന്ന പ്രതിപക്ഷ നേതാവിന്‍റെ ആരോപണം അവരുടെ കാലത്തെ ശീലം വെച്ച് ഉന്നയിച്ചിട്ടുള്ളതാണെന്നും കോടിയേരി പരിഹസിച്ചു. മാണി സി കാപ്പന് എല്‍ ഡി എഫിലേക്ക് വരാൻ കഴിയാത്ത സാഹചര്യമാണ് നിലനിൽക്കുന്നതെന്നും എല്‍ ഡി എഫിലേക്ക് വരണമെങ്കില്‍ മാണി സി കാപ്പന്‍ എം എല്‍ എ സ്ഥാനം രാജിവെക്കേണ്ടതായി വരുമെന്നും കോടിയേരി ബാലകൃഷ്ണന്‍ വ്യക്തമാക്കി.
Discussion about this post