തിരുവനന്തപുരം: സിപിഎം ജില്ലാ സമ്മേളനങ്ങൾക്കു വേണ്ടിയാണ് കോവിഡ് മാനദണ്ഡങ്ങളിലെ പുതിയ ഭേദഗതിയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ആരോപിച്ചു. പാർട്ടി സമ്മേളനങ്ങൾക്കായി കോവിഡ് മാനദണ്ഡങ്ങൾ അട്ടിമറിച്ചു. സി പി എം സമ്മേളനം നടത്താൻ വേണ്ടിയാണ് ജില്ലകളെ തരംതിരിച്ചത്. ഇതിനായാണ് എ, ബി, സി കാറ്റഗറി ഉണ്ടാക്കിയതെന്നും തൃശ്ശൂർ, കാസർകോട് ജില്ലകളെ ഉദാഹരണമായി സൂചിപ്പിച്ച് പ്രതിപക്ഷ നേതാവ് പറഞ്ഞു.
പുതിയ മാനദണ്ഡങ്ങൾ പ്രകാരം, ടിപിആർ അനുസരിച്ച് കർശന നിയന്ത്രണങ്ങൾ വേണ്ട തൃശൂരും കാസർഗോഡും നിയന്ത്രണങ്ങളിൽ നിന്നും പുറത്തായി. ഇവിടെ സിപിഎം സമ്മേളനം നടക്കുന്നതിനാലാണ് ഈ നടപടി. കാസർഗോട്ട് 36 ശതമാനവും തൃശൂരിൽ 34 ശതമാനവുമാണ് ടിപിആർ. കർശന നിയന്ത്രണം ആവശ്യമായ സ്ഥലങ്ങൾ.
കേരളത്തിലെ മരണത്തിന്റെ വ്യാപാരികളായി മന്ത്രിമാരും സിപിഎം നേതാക്കളും മാറിയെന്നും സതീശൻ പറഞ്ഞു. കൊവിഡ് ബാധ കൂടാനുള്ള കാരണമായി സിപിഎം സമ്മേളനങ്ങൾ മാറി. ഈ സമ്മേളനങ്ങളിലൂടെ നൂറുകണക്കിനാളുകൾ രോഗബാധിതരായി. നേതാക്കൾ വിവിധ ജില്ലകളിലെത്തി രോഗം പടർത്തി നടക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. ആരോഗ്യമന്ത്രിയെ മൂലയ്ക്കിരുത്തി മറ്റു ചിലരാണ് വകുപ്പ് നിയന്ത്രിക്കുന്നത്. ആരോഗ്യമന്ത്രി അവലോകന യോഗത്തിനു വന്നിരുന്നിട്ട് പോകുകയാണ്. ആരോഗ്യവകുപ്പ് നിശ്ചലമാണെന്നും സതീശൻ കുറ്റപ്പെടുത്തി.
Discussion about this post