ന്യൂഡൽഹി: കൊവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോൺ ഇന്ത്യയിൽ സമൂഹവ്യാപന ഘട്ടത്തിലാണെന്ന് വെളിപ്പെടുത്തൽ. ഇൻസാകോഗിന്റെ (ഇന്ത്യൻ സാർസ്- സിഒവി-2 കൺസോർഷ്യം ഓൺ ജീനോമിക്‌സ്) ഏറ്റവും പുതിയ ബുള്ളറ്റിനിലാണ് വിവരം. വിവിധ സംസ്ഥാനങ്ങളിൽ നിന്ന് വൈറസിന്റെ സാമ്പിളുകൾ ശേഖരിച്ച് അവയുടെ ജനിതക പ്രവർത്തനങ്ങളെക്കുറിച്ച് പഠിക്കാൻ രൂപീകരിച്ച പത്ത് ദേശീയ ലബോറട്ടറികളുടെ സംഘടനയാണ് ഇൻസാകോഗ്. ഇന്ത്യയിലെ പല മെട്രോ നഗരങ്ങളിലും ഒമിക്രോൺ പ്രാബല്യത്തിൽ വന്നുകഴിഞ്ഞെന്നും ബുള്ളറ്റിൻ വ്യക്തമാക്കി.
ഒമിക്രോണിന്റെ സാംക്രമിക ഉപവകഭേദമായ ബി എ.2 ലൈനേജ് രാജ്യത്ത് ഗണ്യമായി കണ്ടെത്തിയിട്ടുണ്ടെന്നും ബുള്ളറ്റിനിൽ പറയുന്നു. ഭൂരിഭാഗം ഒമിക്രോൺ കേസുകളും രോഗലക്ഷണങ്ങൾ ഇല്ലാത്തതോ സൗമ്യമായതോ ആണ്. എന്നാൽ ഒമിക്രോൺ വ്യാപനം രൂക്ഷമാകുന്നതിന്റെ ഫലമായി ആശുപത്രി പ്രവേശനവും ഐ സി യു കേസുകളും വർദ്ധിക്കുകയാണ്. ഒമിക്രോൺ ഇന്ത്യയിൽ സമൂഹവ്യാപന ഘട്ടത്തിലാണ്. ഒന്നിലധികം മെട്രോകളിൽ ഒമിക്രോൺ വകഭേദം ആധിപത്യം സ്ഥാപിച്ചിരിക്കുന്നെന്നും ഇൻസാകോഗിന്റെ ബുള്ളറ്റിനിൽ വ്യക്തമാക്കുന്നു.
അടുത്തിടെ കണ്ടെത്തിയ പുതിയ കൊവിഡ് വകഭേദമായ ബി.1.640.2 ആശങ്ക ഉയർത്തുന്നു. ഫ്രാൻസിലാണ് ഇത് ആദ്യമായി കണ്ടെത്തിയത്. ഐ എച്ച് യു എന്നാണ് ഈ വകഭേദത്തിന്റെ മറ്റൊരു പേര്. വിദഗ്ദ്ധർ ഇതിനെപ്പറ്റി നിരീക്ഷിച്ചുവരികയാണെന്നും ഈ വകഭേദം അതിവേഗം പടരുന്നതിന്റെ ലക്ഷണങ്ങളില്ലെന്നും ഇൻസാകോഗ് വ്യക്തമാക്കി. ഇന്ത്യയിൽ ഇതുവരെ ഐ എച്ച് യുവിന്റെ ഒരു കേസുകളും റിപ്പോർട്ട് ചെയ്തിട്ടില്ല.
Discussion about this post