തിരുവനന്തപുരം: കൊവിഡ് മരണങ്ങൾ സംസ്ഥാനത്ത് അനിയന്ത്രിതമായി ഉയരുന്നു. കൊവിഡ്, ഒമിക്രോൺ രോഗികൾ വർദ്ധിക്കുന്നതിനോടൊപ്പം മരണസംഖ്യയും ഏറുകയാണ്. ഈ മാസം മാത്രം 608 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. കൊവിഡ് വ്യാപനം രൂക്ഷമാവുകയാണെന്നും പൂർണമായും വാക്സിൻ സ്വീകരിക്കുകയും കൊവിഡ് മുൻകരുതലുകൾ കൃത്യമായി പാലിക്കുകയും വേണമെന്നും കൊവിഡ് മരണങ്ങൾ കണക്കിലെടുത്ത് വിദഗ്ദ്ധർ മുന്നറിയിപ്പ് നൽകുന്നു.
വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്ന മറ്റ് അസുഖങ്ങളുള്ള കൊവിഡ് രോഗികൾ ചികിത്സ തേടാൻ വൈകുന്നത് അപകടകരമാണെന്ന് ആരോഗ്യ വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു. കൊവിഡ് രോഗികളും മരണവും ഉയരുന്ന സാഹചര്യത്തിൽ സ്വകാര്യ ആശുപത്രികളെക്കൂടി ഉൾപ്പെടുത്തി ചികിത്സാസൗകര്യം വർദ്ധിപ്പിക്കാനാണ് ആരോഗ്യവകുപ്പിന്റെ തീരുമാനം. സ്വകാര്യ ആശുപത്രികളിൽ 50 ശതമാനം കിടക്കകൾ മാറ്റി വയ്ക്കണമെന്ന് ആരോഗ്യ വകുപ്പിന്റെ നിർദേശമുണ്ട്. എന്നാൽ പല ആശുപത്രികളും കൊവിഡ് വാർഡുകൾ തുറക്കാൻ തയ്യാറല്ല.
കൊവിഡിന് പുറമേ കൊവിഡിന്റെ വകഭേദങ്ങൾ രോഗവ്യാപനം കൂടുതൽ ശക്തമാക്കുന്നു. രോഗികളുടെ നിരക്ക് ഉയരുന്നതിനോടൊപ്പം ഗുരുതരാവസ്ഥയിലാകുന്നവരുടെ എണ്ണവും വർദ്ധിക്കുന്നത് രോഗത്തിന്റെ തീവ്രത സൂചിപ്പിക്കുന്നു. കഴിഞ്ഞ ദിവസം മാത്രം 70 കൊവിഡ് മരണങ്ങളാണ് സംസ്ഥാനത്ത് സ്ഥിരീകരിച്ചത്. രാജ്യത്തിലെ തന്നെ ഏറ്റവും ഉയർന്ന പ്രതിദിന മരണസംഖ്യയിൽ ഒന്നാണ് കേരളത്തിലേതെന്നത് കൂടുതൽ ആശങ്കയുയർത്തുന്നു. ഓക്സിജൻ സഹായം വേണ്ടിവരുന്നവരുടെ എണ്ണവും കഴിഞ്ഞ ആഴ്ചയെ അപേക്ഷിച്ച് 91 ശതമാനം വർദ്ധിച്ചിരിക്കുന്നു. കൊവിഡ് ബാധിച്ച് ഐ സി യുവിൽ പ്രവേശിപ്പിക്കുന്നവരുടെ എണ്ണം 57 ശതമാനവും വെന്റിലേറ്റർ ആവശ്യമായി വരുന്നവരുടെ എണ്ണം 23 ശതമാനവും വർദ്ധിച്ചു.
ജീവിതശൈലീ രോഗങ്ങൾ ഉള്ളവർ, പ്രമേഹ രോഗികൾ എന്നിവർക്ക് കൊവിഡ് കൂടുതൽ അപകടമുണ്ടാക്കുമെന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്. കൊവിഡ് ബാധയേറ്റ് വീടുകളിൽ നിരീക്ഷണത്തിൽ കഴിഞ്ഞവർ ചികിത്സ തേടാൻ വൈകിയതും മരണനിരക്ക് ഉയരാൻ കാരണമായെന്ന് കണ്ടെത്തിയിരുന്നു.
Discussion about this post