ന്യൂഡൽഹി: കോവിഡുമായി ബന്ധപ്പെട്ട് കേന്ദ്രം ഏർപ്പെടുത്തിയ നിലവിലുള്ള എല്ലാ നിയന്ത്രണങ്ങളും മാർച്ച് 31ന് പിൻവലിക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചു. കൊവിഡ് സുരക്ഷാ നടപടികൾക്കായി ഇനിമുതൽ ദുരന്ത നിവാരണ നിയമം നടപ്പിലാക്കില്ലെന്നും മന്ത്രാലയം വ്യക്തമാക്കി. എന്നാൽ പൊതുസ്ഥലങ്ങളിൽ മാസ്ക് ഉപയോഗിക്കുന്നത് തുടരണം. ചൈന, ദക്ഷിണ കൊറിയ, വിയറ്റ്നാം, ഫ്രാൻസ്, ജർമനി എന്നീ രാജ്യങ്ങളിൽ ഒമിക്രോണിന്റെ വകഭേദമായ ബി എ.2 കേസുകൾ വർദ്ധിക്കുന്നതിനിടയിലാണ് കേന്ദ്ര സർക്കാരിന്റെ പുതിയ തീരുമാനം.
അതേസമയം, ഇന്ത്യയിൽ കൊവിഡ് കേസുകൾ ക്രമേണ കുറഞ്ഞുവരികയാണ്. ഇന്നുവരെയുള്ള കണക്കനുസരിച്ച് 1,81,89,15,234 പേർ വാക്സിൻ സ്വീകരിച്ചു. കേന്ദ്രത്തിന്റെ പുതിയ നടപടിക്ക് പിന്നാലെ കൊവിഷീൽഡ് ആദ്യ ഡോസ് വാക്സിൻ സ്വീകരിച്ചവർക്ക് എട്ട് മുതൽ 16 ആഴ്ചകൾക്ക് ശേഷം രണ്ടാം ഡോസ് എടുക്കാൻ വാക്സിനേഷനുമായി ബന്ധപ്പെട്ട ദേശീയ സാങ്കേതിക ഉപദേശക സംഘം അനുമതി നൽകി. ഇന്ത്യയിൽ നിലവിൽ 12 വയസിന് മുകളിലുള്ള എല്ലാവർക്കും വാക്സിൻ നൽകി വരികയാണ്.
Discussion about this post