തിരുവനന്തപുരം: കോവിഡ് 19 മായി ബന്ധപ്പെട്ട് കേന്ദ്രം പ്രചരിപ്പിക്കുന്നത് തെറ്റായ കാര്യമാണെന്നും കണക്ക് നല്‍കുന്നില്ലെന്ന ആരോപണം ശരിയല്ലെന്നും ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. കോവിഡ് കണക്ക് എല്ലാ ദിവസവും നാഷണല്‍ സര്‍വൈലന്‍സ് യൂണിറ്റിന് കൊടുക്കുന്നുണ്ട്. എല്ലാ ദിവസവും മെയില്‍ അയക്കുന്നുണ്ട്. ആഴ്ചയിലൊരിക്കൽ പൊതുജനങ്ങൾ അറിയാൻ കോവിഡ് റിപ്പോർട്ട് ഉണ്ടാകും. രോഗബാധ കൂടിയാൽ ദിവസവും ബുള്ളറ്റിൻ ഉണ്ടാകുമെന്നും മന്ത്രി അറിയിച്ചു.
ദിവസേനയുള്ള കോവിഡ് കണക്കുകൾ പ്രസിദ്ധീകരിക്കുന്നതു നിർത്തിവച്ച കേരള സർക്കാരിന് കേന്ദ്രത്തിന്റെ രൂക്ഷവിമർശനമുണ്ടായിരുന്നു. ഏപ്രിൽ 13നു ശേഷം ഞായറാഴ്ച വരെ അഞ്ചുദിവസത്തെ കോവിഡ് കണക്കുകൾ കേരളം നൽകാത്തതു മഹാമാരിക്കെതിരായ രാജ്യത്തിന്റെ പോരാട്ടത്തിനു ദോഷം ചെയ്തെന്നും മേലിൽ ദിവസവും ആവശ്യമായ കണക്കുകൾ ലഭ്യമാക്കണമെന്നും ആവശ്യപ്പെട്ട് കേന്ദ്ര ആരോഗ്യമന്ത്രാലയം സംസ്ഥാന സർക്കാരിനു കത്തയച്ചിട്ടുണ്ട്.
അഞ്ചുദിവസത്തെ ഇടവേളയ്ക്കു ശേഷമാണ് കോവിഡ് -19 മായി ബന്ധപ്പെട്ട വിവരങ്ങൾ കേരളം ഇന്നലെ റിപ്പോർട്ട് ചെയ്തത്. കോവിഡ് കേസുകൾ, മരണം, പോസിറ്റിവിറ്റി തുടങ്ങിയ ഇന്ത്യയുടെ പ്രധാന നിരീക്ഷണസൂചകങ്ങളുടെ നിലയെ കേരളത്തിന്റെ തെറ്റായ നടപടി സ്വാധീനിക്കുകയും വളച്ചൊടിക്കുകയും ചെയ്തുവെന്നു കേന്ദ്രം കുറ്റപ്പെടുത്തി. ഇതുകാരണം, ഒറ്റ ദിവസംകൊണ്ട് രാജ്യത്തെ പുതിയ കോവിഡ് കേസുകളുടെ എണ്ണത്തിൽ 90 ശതമാനവും പോസിറ്റിവിറ്റി നിരക്കിൽ 165 ശതമാനവും കുതിച്ചുചാട്ടം ഉണ്ടായെന്നു കേന്ദ്ര ആരോഗ്യ മന്ത്രാലയം ജോയിന്റ് സെക്രട്ടറി ലവ് അഗർവാൾ സംസ്ഥാന ആരോഗ്യ പ്രിൻസിപ്പൽ സെക്രട്ടറി ഡോ. രാജൻ എൻ ഖോബ്രഗഡെയ്ക്ക് അയച്ച കത്തിൽ ചൂണ്ടിക്കാട്ടി.
കഴിഞ്ഞ അഞ്ചു ദിവസത്തെ മരണക്കണക്കുകൂടി കൂട്ടിയതിനാലാണ് കേരളത്തിൽ ഒറ്റ ദിവസം 213 മരണം ഇന്നലെ റിപ്പോർട്ട് ചെയ്തത്. കേരളം വിവരം പ്രസിദ്ധീകരിക്കുന്നതു നിർത്തിയ ഏപ്രിൽ 13ന് രാജ്യത്താകെ 1,088 പുതിയ കേസുകളും 26 മരണവുമാണുണ്ടായിരുന്നത്. ഇതിൽ 298 പുതിയ കേസുകളും 19 മരണവും കേരളത്തിലാണ്. ഏപ്രിൽ 12ന് രാജ്യത്താകെ റിപ്പോർട്ട് ചെയ്യപ്പെട്ട 19 മരണങ്ങളിൽ 18 എണ്ണവും കേരളത്തിലാണ്.
Discussion about this post