പയ്യോളി: ടവർ നിർമാണവുമായി ബന്ധപ്പെട്ട തർക്കം കൈയ്യാങ്കളിയിലെത്തി. സ്ഥലമുടമയുടെ മർദ്ദനത്തിൽ യുവാവിന് പരിക്കേറ്റു. പയ്യോളി മരച്ചാലിൽ മിരീഷ് (49) നാണ് മർദ്ദനമേറ്റത്. മർദ്ദനത്തിൽ കഴുത്തിന് പരിക്കേറ്റ മിരീഷ് മേലടി സി എച്ച് സിയിൽ ചികിത്സ തേടി. ഇന്നലെ വൈകീട്ട് 5.30 യോടെയാണ് സംഭവം.
അക്രമം സംബന്ധിച്ച് പരാതി നൽകാനെത്തിയ കർമസമിതി പ്രവർത്തകരോട് പയ്യോളി പോലീസ് പരുഷമായി പെരുമാറിയെന്നും പരാതി സ്വീകരിക്കാൻ പോലീസ് ആദ്യം മടിച്ചെന്നും ആരോപണം.
ടവർ നിർമാണത്തിനായി ഏരിപ്പറമ്പിൽ റോഡിൽ കുരിയാടി സ്വകാര്യ വ്യക്തി സ്ഥലം അനുവദിച്ചതിനെതിരെ പ്രദേശവാസികൾ കർമസമിതി രൂപീകരിച്ച് സമരത്തിലായിരുന്നു.
ഇതിനിടെ ഇന്നലെ വൈകീട്ടോടെ ‘ഹിറ്റാച്ചി’യുടെ സഹായത്തോടെ തൊഴിലാളികൾ സ്ഥലത്തെത്തി നിർമാണ പ്രവൃത്തി ആരംഭിച്ചു. ഇതറിഞ്ഞ് സ്ഥലത്തെത്തിയ കർമസമിതി പ്രവർത്തകർ തൊഴിലാളികളെ പ്രശ്നങ്ങൾ ബോധ്യപ്പെടുത്തി പിന്തിരിപ്പിച്ചു.
ഇതിനിടെ, റോഡിൽ നിൽക്കുകയായിരുന്ന മിരീഷിനെ, സ്ഥലമുടമയായ വയോധികൻ പിറകിൽ നിന്നും അക്രമിച്ച് പരിക്കേൽപ്പിക്കുകയായിരുന്നുവത്രെ. വാക്തർക്കം സംഘർഷത്തിലേക്ക് കടന്നതോടെ പയ്യോളി പോലീസ് സ്ഥലത്തെത്തി. ഇരുവിഭാഗത്തെയും സംഘർഷ സ്ഥലത്തു നിന്നും നീക്കി.
ആശുപത്രിയിൽ ചികിത്സ തേടിയ മിരീഷ് തിരിച്ച് പരാതി നൽകുന്നതിനായി പയ്യോളി പോലീസ് സ്റ്റേഷനിലെത്തിയപ്പോൾ പോലീസ് പരുഷമായാണത്രെ സംസാരിച്ചത്. ആദ്യം പരാതി സ്വീകരിക്കുന്നതിന് തയ്യാറാക്കാതിരുന്ന പോലീസ് കർമസമിതി പ്രവർത്തകർ നിർബന്ധിച്ചപ്പോഴാണ് സ്വീകരിച്ചതെന്നാണ് കർമസമിതി പ്രവർത്തകരുടെ ആരോപണം.
Discussion about this post