കൊയിലാണ്ടി: ടൗണിൽ എസ് ബി ഐ പ്രധാന ശാഖക്ക് മുന്നിൽ റോഡിന്റെ എതിർ വശത്തായി വെള്ളം കെട്ടി നില്ക്കുന്ന ഭാഗം ഉയർത്താനുള്ള പ്രവർത്തി താല്കാലികമായി നിർത്തി വെച്ചതായി കോൺഗ്രസ് നേതാക്കൾ പറഞ്ഞു.

നഗര സൗന്ദര്യവല്ക്കരണത്തിന്റെ ഭാഗമായി ഏതാനും മാസങ്ങൾക്ക് മുമ്പാണ് ഈ ഭാഗം കട്ടപതിച്ചതും പുതിയ ബ്സ്സ്റ്റോപ്പ് പണിതതും. അപ്പോൾ തന്നെ യു ഡി എഫ് കൗൺസിലർമാർ ഇടപെടുകയും, നഗരസഭാധികൃതരുമായും എൻഎച്ച് അധികൃതരുമായുമൊക്കെ സംസാരിക്കുകയും വെള്ളം ഒഴുകിപ്പോകുന്നതിനാവശ്യമായ ഡ്രൈനേജ് സംവിധാനം ഒരുക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.

കട്ടപതിക്കൽ പ്രവർത്തി പൂർത്തിയാകുന്ന മുറക്ക് എത്രയും പെട്ടന്ന് തന്നെ ഡ്രൈനേജ് നിർമ്മിക്കുമെന്ന ഉറപ്പ് അധികൃതർ നല്കുകയും ചെയ്തിരുന്നു. എന്നാൽ ചെറിയ മഴയിൽ പോലും വെള്ളക്കെട്ടു കാരണം കാൽനടയാത്രക്ക് പോലും കഴിയാത്ത സ്ഥിതിയാണ് ഇവിടെ ഉള്ളത്. ഇത് വാഹനാപകടങ്ങൾക്കു പോലും കരാണമാകാനിടയുണ്ടെന്നും കോൺഗ്രസ് നേതാക്കൾ ചൂണ്ടിക്കാട്ടുന്നു.

എന്നാൽ ഇവിടെ നിലവിൽ പതിച്ചിട്ടുള്ള കട്ടകൾ ഇളക്കി മാറ്റി അല്പം കൂടി ഉയർത്തി വീണ്ടും പതിക്കുന്ന പ്രവർത്തിയാണ് നടന്നു വരുന്നത്. ഇത് സ്ഥിതി കൂടുതൽ പ്രയാസങ്ങൾ സൃഷ്ടിക്കാനേ ഉതകൂ. എന്നാൽ ഏതാണ്ട് അൻപത് മീറ്ററിൽ പരം ദൂരത്തിൽ ഒരു ഡ്രൈനേജ് പണിതാൽ വെള്ളക്കെട്ട് ഒഴിവാക്കാൻ കഴിയുകയും ചെയ്യും.

പ്രസ്തുത ഡ്രൈനേജ് കൂടി ഉൾപ്പെടുത്തി പ്രവൃത്തി പൂർത്തീകരിക്കണമെന്നാവശ്യപ്പെട്ട് ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡൻ്റ് വി വി സുധാകരന്റെ നേതൃത്വത്തിൽ പി രത്നവല്ലിടീച്ചർ, വി പി ഭാസ്കരൻ, കെ പി നിഷാദ്, പി വി വേണുഗോപാൽ, കെ എം സുമതി എന്നിവർ പ്രവർത്തിക്കു മേൽനോട്ടം വഹിക്കുന്ന അസിസ്റ്റന്റ് എഞ്ചിനിയറുമായി സംസാരിച്ചതിനെ തുടർന്ന് കട്ടപതിക്കൽ പ്രവർത്തി താല്കാലികമായി നിർത്തി വെക്കാനും ഡ്രൈനേജ് കൂടി ഉൾപ്പെടുത്താൻ നടപടി സ്വീകരിക്കാനും തീരുമാനിച്ചതെന്ന് നേതാക്കൾ അറിയിച്ചു.

Discussion about this post