തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരായ വധശ്രമഗൂഢാലോചന കേസിൽ കോൺഗ്രസ് നേതാവ് കെ എസ് ശബരീനാഥന് ജാമ്യം. ഉപാധികളോടെയാണ് തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതി ശബരീനാഥന് ജാമ്യം അനുവദിച്ചത്. മൊബൈൽ ഫോൺ ഹാജരാക്കണം, 50,000 രൂപ കെട്ടിവയ്ക്കണം, മൂന്ന് ദിവസം അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകണം എന്നീ ഉപാധികളോടെയാണ് കോടതി ജാമ്യം അനുവദിച്ചിരിക്കുന്നത്. 20, 21, 22 തീയതികളിലാണ് ശബരീനാഥൻ അന്വേഷണ ഉദ്യോഗസ്ഥർക്ക് മുന്നിൽ ഹാജരാകേണ്ടത്.
അതേസമയം ശബരീനാഥന് ജാമ്യം അനുവദിച്ചതിന് പിന്നാലെ വഞ്ചിയൂർ കോടതിക്ക് പുറത്ത് സി പി എമ്മിന്റെയും ഡി വൈ എഫ് ഐ പ്രവർത്തകരുടെയും വലിയ പ്രതിഷേധം നടന്നു. കോടതിക്ക് അകത്ത് വലിയൊരു കൂട്ടം കോൺഗ്രസ് പ്രവർത്തകരും ഉണ്ട് എന്നതിനാൽ പ്രദേശത്ത് സംഘർഷ സാദ്ധ്യത നിലനിന്നിരുന്നു.
ശബരീനാഥനെ കസ്റ്റഡിയിൽ വേണമെന്ന് പൊലീസ് ആവശ്യപ്പെട്ടെങ്കിലും കോടതി ജാമ്യം അനുവദിക്കുകയായിരുന്നു. റിമാൻഡ് റിപ്പോർട്ടും കസ്റ്റഡി റിപ്പോർട്ടും ഹാജരാക്കിയ പൊലീസ്, വാട്സാപ്പ് ഉപയോഗിച്ച ഫോൺ കണ്ടെടുക്കാൻ കസ്റ്റഡി വേണമെന്ന് ആവശ്യപ്പെട്ടു. മറ്റ് പ്രതികൾക്കൊപ്പമിരുത്തി ശബരീനാഥനെ ചോദ്യം ചെയ്യണം. ഗൂഢാലോചനയ്ക്ക് ഉപയോഗിച്ച മൊബൈലും ഉപകരണങ്ങളും കണ്ടെത്തണം. കൂടുതൽ പേർക്ക് പങ്കുണ്ടോ എന്നറിയാൻ ശബരീനാഥിനെ കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ടതുണ്ടെന്നും പൊലീസ് അറിയിച്ചു. ഒന്നാം പ്രതി ഫർസീൻ മജീദിന് ശബരീനാഥ് നിർദേശം നൽകിയെന്നും നിരവധി തവണ പ്രതികളെ ശബരിനാഥ് ഫോണിൽ വിളിച്ചെന്നും പൊലീസ് കോടതിയെ അറിയിച്ചു. ഒന്നാം പ്രതിയെയും മൂന്നാം പ്രതിയെയും ശബരീനാഥ് വിളിച്ചെന്നും അന്വേഷണസംഘം ഉന്നയിച്ചു.
എന്നാൽ ഫോൺ വേണമെങ്കിൽ ഇപ്പോൾ തന്നെ കൈമാറാമെന്നും അന്വേഷണ ഉദ്യോഗസ്ഥൻ ചോദിച്ചിരുന്നെങ്കിൽ അപ്പോൾ തന്നെ ഫോൺ നൽകാൻ തയ്യാറായിരുന്നെന്നും ശബരീനാഥൻ കോടതിയെ അറിയിച്ചു.
നേരത്തെ മുഖ്യമന്ത്രി ഭീരുവാണെന്നും കേസ് നിയമപരമായി നേരിടുമെന്നും ശബരിനാഥൻ പ്രതികരിച്ചു. വൈദ്യ പരിശോധനക്കായി തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ എത്തിച്ചപ്പോഴാണ് ശബരീനാഥൻ മാദ്ധ്യമങ്ങളോട് പ്രതികരിച്ചത്. മുഖ്യമന്ത്രിക്കെതിരെ വിമാനത്തിലുണ്ടായ പ്രതിഷേധത്തിൽ ഗൂഢാലോചന നടത്തിയെന്ന ആരോപണത്തിലാണ് ശബരീനാഥന്‍ അറസ്റ്റിലായത്.
‘വിമാനത്തിൽ പ്രതിഷേധം നടത്തിയതിന്റെ പേരില്‍ തനിക്കെതിരെ കള്ളക്കേസ് ചുമത്തി അറസ്റ്റ് ചെയ്തത് മുഖ്യന്ത്രിയുടെ ഭീരുത്വത്തിന്റെ ഭാഗമായാണ്. ഞാന്‍ തീവ്രവാദിയൊന്നുമല്ല, അറസ്റ്റ് രാഷ്ട്രീയ പ്രേരിതമാണ്. വിമാനത്തില്‍ പ്രതിഷേധിച്ചവരെ ആക്രമിച്ച ഇ പി ജയരാജനെതിരെ കേസില്ല. എനിക്കെതിരെ വധശ്രമത്തിനാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. ഇത് മുഖ്യമന്ത്രിയുടെ ഭീരുത്വമാണ് കാണിക്കുന്നത്. ഭീരുവായ മുഖ്യമന്ത്രിയെ കേരള പൊലീസ് സംരക്ഷിക്കുന്നു. കേസിനെ നിയമപരമായും പാർട്ടി രാഷ്ട്രീയപരമായും നേരിടും’- ശബരീനാഥന്‍ പറഞ്ഞു.
Discussion about this post