തിരുവനന്തപുരം: യുവാവിനെ കബളിപ്പിച്ച് അശ്ലീലചിത്രത്തില്‍ അഭിനയിപ്പിച്ചെന്ന പരാതിയില്‍ വിഴിഞ്ഞം പോലീസ് കേസെടുത്തു. ഒ.ടി.ടി. പ്ലാറ്റ്ഫോം ഉടമകളെയും സംവിധായികയെയും പ്രതിയാക്കിയാണ് തിരുവനന്തപുരം വെങ്ങാനൂര്‍ സ്വദേശിയായ യുവാവിന്റെ പരാതിയില്‍ പോലീസ് കേസെടുത്തത്. സിനിമയില്‍ അവസരം നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് വഞ്ചിച്ചെന്നാണ് പരാതി. സമാനമായ പരാതിയുമായി മലപ്പുറംകാരിയായ യുവതിയും രംഗത്തെത്തി.
വെബ്സീരീസിന്റെ ആദ്യ കുറച്ചു ഭാഗങ്ങള്‍ ചിത്രീകരിച്ച ശേഷമാണ് കരാറില്‍ ഒപ്പുവയ്പിച്ചതെന്നാണ് യുവാവിന്റെ ആരോപണം. അതിനു ശേഷം അശ്ലീല ചിത്രമാണെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി അഭിനയിപ്പിക്കുകയായിരുന്നുവെന്ന് പരാതിയില്‍ പറയുന്നു. കരാറില്‍ നിന്നും പിന്മാറിയാല് അഞ്ചുലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് സംവിധായിക ആവശ്യപ്പെട്ടതായും പരാതിയിലുണ്ട്.
ചിത്രീകരണം കഴിഞ്ഞശേഷം പ്രതിഫലമായി 20,000 രൂപയാണ് യുവാവിന് നല്‍കിയത്. തിരുവനന്തപുരത്ത് അരുവിക്കരയിലെ അപ്പാര്‍ട്ട്മെന്റില്‍ വച്ചായിരുന്നു ചിത്രീകരണം. ഒപ്പുവച്ച കരാര്‍ രണ്ടുദിവസത്തിനകം നല്‍കാമെന്നു പറഞ്ഞെങ്കിലും ഇതുവരെ നല്‍കിയിട്ടില്ല. കൊച്ചിയില്‍ സുഹൃത്തിന്റെ വീട്ടിലാണ് ഇപ്പോള്‍ യുവാവ് താമസിക്കുന്നത്.
ഒ.ടി.ടി. പ്ലാറ്റ്ഫോമിനും സംവിധായികയ്ക്കും എതിരേ മലപ്പുറം സ്വദേശിനിയായ യുവതി നേരത്തെ തിരുവനന്തപുരം സൈബര്‍ സെല്ലില്‍ പരാതി നല്‍കിയിരുന്നു. സീരിയലില്‍ അഭിനയിക്കാനെത്തിയ യുവതിയെ നിര്‍ബന്ധിച്ച് അശ്ലീല വെബ്സീരീസില്‍ അഭിനയിപ്പിക്കുകയായിരുന്നുവെന്നാണ് പരാതിയില്‍ പറയുന്നത്.സിനിമ പുറത്തിറങ്ങിയതോടെ വീട്ടില്‍ പോകാന്‍ കഴിയാത്തതിനാല്‍ തിരുവനന്തപുരത്തെ റെയില്‍വേ സ്റ്റേഷനുകളിലാണ് രണ്ടു വയസ്സുള്ള കുഞ്ഞുമായി യുവതി അന്തിയുറങ്ങുന്നത്.
അശ്ലീല സിനിമയാണെന്ന് മനസ്സിലായതോടെ അഭിനയിക്കാന്‍ പറ്റില്ലെന്ന് പറഞ്ഞെങ്കിലും ഭീമമായ തുക നഷ്ടപരിഹാരമായി സംവിധായിക ചോദിച്ചു. പിന്നീടാണ് സൈബര്‍ സെല്ലില്‍ പരാതി നല്‍കിയത്. എന്നാല്‍ കേസെടുത്തില്ല. തുടര്‍ന്ന് സൈബര്‍ പോലീസിന്റെ നിര്‍ദേശപ്രകാരം നേമം പോലീസില്‍ പരാതി നല്കാന് പോയെങ്കിലും പോലീസ് കേസെടുക്കാന്‍ തയ്യാറായില്ലെന്നും യുവതി ആരോപിക്കുന്നു.എന്നാല്‍, അഭിനയിക്കുന്നതിന് കരാറില്‍ പറഞ്ഞിരുന്ന തുക നല്‍കിയില്ലെന്നുള്ള പരാതിയാണ് യുവതി നല്‍കിയിരുന്നതെന്ന് സൈബര്‍ സെല്‍ ഡിവൈ.എസ്.പി. പ്രതികരിച്ചു.
Discussion about this post