ബെംഗളൂരു: ജയ് ശ്രീറാം വിളിക്കാനാവാശ്യപ്പെട്ട് കാഴ്ചാ പരിമിതിയുള്ള മുസ്‌ലിം വയോധികനെ ക്രൂരമായി മർദിച്ചതായി പരാതി. തെരുവിൽ ഭിക്ഷയെടുത്ത് ജീവിക്കുന്ന വൃദ്ധനാണ് മർദനമേറ്റത്. സംഭവത്തിൽ എഞ്ചിനീയറടക്കം രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. കർണാടകയിലെ കോപ്പലിലാണ് സംഭവം.
കോപ്പലിലെ ഗംഗാവദി ടൗൺ സ്വദേശികളായ സാഗർ ഷെട്ടി കൽക്കി, സുഹൃത്ത് നരസപ്പ ഡനാകയാർ എന്നിവരാണ് പിടിയിലായത്. ഇതിൽ സാഗർ സോഫ്റ്റ്‌വെയർ എഞ്ചിനീയറാണ്. 65കാരനായ ഹുസൈൻ സാബിനെയാണ് പ്രതികൾ ക്രൂരമായി മർദിച്ചത്. തുടർന്ന് ഇദ്ദേഹത്തിന്റെ താടി ഗ്ലാസ് കഷ്ണം ഉപയോഗിച്ച് മുറിക്കാൻ ശ്രമിക്കുകയും കത്തിക്കുകയും ചെയ്തു.
മഹബൂബാനഗർ സ്വദേശിയായ ഹുസൈൻ സാബ് വീട്ടിലേക്ക് മടങ്ങാൻ ഓട്ടോറിക്ഷ കാത്തുനിൽക്കുമ്പോൾ ബൈക്കിൽ അടുത്തെത്തിയ പ്രതികൾ ലിഫ്റ്റ് നൽകാനെന്ന വ്യാജേന ബലം പ്രയോഗിച്ച് വാഹനത്തിൽ കയറ്റുകയായിരുന്നു. തുടർന്ന് റെയിൽവേ പാലത്തിനടിയിൽ കൊണ്ടുപോയി മർദിക്കുകയും ഗ്ലാസ് കഷ്ണം ഉപയോഗിച്ച് താടി മുറിക്കാൻ ശ്രമിക്കുകയും ചെയ്തു. എന്നാൽ ഇത് പരാജയപ്പെട്ടപ്പോൾ ജയ് ശ്രീറാം വിളിക്കാൻ ആക്രോശിച്ച് താടി കത്തിച്ചെന്നും വൃദ്ധൻ പറയുന്നു. ക്രൂരമർദനത്തിനു ശേഷം കൈയിലുണ്ടായിരുന്ന പണം കവർന്ന പ്രതികൾ ഇവിടെ നിന്ന് കടന്നുകളയുകയായിരുന്നു.
Discussion about this post