ചെന്നൈ: കോയമ്പത്തൂരില്‍ കഴിഞ്ഞദിവസമുണ്ടായ സ്ഫോടനത്തില്‍ തീവ്രവാദ ബന്ധങ്ങളെക്കുറിച്ചും പോലീസിന്റെ അന്വേഷണം. കാറില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചുണ്ടായ സ്ഫോടനത്തില്‍ ഉക്കടം ജി.എം. കോളനിയില്‍ ജമീഷ മുബിന്(25) മരിച്ചിരുന്നു. ഐ.എസുമായി ബന്ധമുണ്ടെന്ന ആരോപണത്തെത്തുടര്‍ന്ന് നേരത്തെ എന്‍.ഐ.എ ചോദ്യംചെയ്തയാളാണ് ഇയാള്‍. മാത്രമല്ല, ഇയാളുടെ വീട്ടില്‍നിന്ന് കഴിഞ്ഞദിവസം സ്ഫോടകവസ്തുക്കളും കണ്ടെടുത്തിരുന്നു. ഇതിനുപിന്നാലെയാണ് സംഭവത്തില്‍ തമിഴ്നാട് പോലീസ് അന്വേഷണം വിപുലമാക്കിയത്.
ഞായറാഴ്ച പുലര്‍ച്ചെ ഉക്കടം കോട്ടൈ ഈശ്വരന് ക്ഷേത്രത്തിന് സമീപമാണ് സ്ഫോടനം നടന്നത്. കാറിലുണ്ടായിരുന്ന രണ്ട് സിലിന്‍ഡറുകളില്‍ ഒന്നാണ് പൊട്ടിത്തെറിച്ചത്. സ്ഫോടനത്തില്‍ കാര്‍ രണ്ടായി പിളരുകയും പൂര്‍ണമായി കത്തിനശിക്കുകയും ചെയ്തു.
രണ്ട് ഗ്യാസ് സിലിഡറുകളും തുറന്നിട്ടാണ് ജമീഷ മുബിന് ക്ഷേത്രത്തിന് സമീപത്തേക്ക് കാറോടിച്ച് എത്തിയതെന്നാണ് പോലീസ് പറയുന്നത്. ഇതിലൊന്നാണ് പൊട്ടിത്തെറിച്ചത്. സംഭവത്തിന് പിന്നാലെ ഇയാളുടെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ ബോംബ് നിര്‍മിക്കാന്‍ ഉപയോഗിക്കുന്ന വസ്തുക്കളും കണ്ടെടുത്തു. പൊട്ടാസ്യം നൈട്രേറ്റ്, അലുമിനിയം പൗഡര്‍, സള്‍ഫര്‍ തുടങ്ങിയവയാണ് കണ്ടെടുത്തത്. സ്ഫോടനത്തില്‍ തകര്‍ന്ന കാറില്‍ ഫൊറന്‍സിക് വിദഗ്ധര്‍ നടത്തിയ പരിശോധനയില്‍ ആണികളും മാര്‍ബിള്‍ കഷണങ്ങളും കണ്ടെത്തി.
എന്‍ജിനീയറിങ് ബിരുദധാരിയായ ജമീഷ മുബിനെ ഐ.എസ്. ബന്ധമുണ്ടെന്ന ആരോപണത്തെത്തുടര്‍ന്നാണ് 2019-ല്‍ എന്‍.ഐ.എ. ചോദ്യംചെയ്തത്. എന്നാല്‍ ഇയാള്‍ക്കെതിരേ ഇതുവരെ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്നും മറ്റു നടപടികളൊന്നും സ്വീകരിച്ചിട്ടില്ലെന്നും പോലീസ് പറഞ്ഞു.
ദീപാവലി ആഘോഷത്തിനിടെയുണ്ടായ സ്ഫോടനം അതീവഗൗരവത്തോടെയാണ് പോലീസ് കൈകാര്യം ചെയ്യുന്നത്. സംഭവത്തില്‍ അന്വേഷണത്തിനായി പോലീസിന്റെ ആറ് സംഘങ്ങളും രൂപവത്കരിച്ചിട്ടുണ്ട്. സ്ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാന വ്യാപകമായി പോലീസ് സുരക്ഷയും വര്‍ധിപ്പിച്ചു.
Discussion about this post