കോഴിക്കോട്: തീപ്പിടിച്ച തെങ്ങ് കടപുഴകി വീണ് ഒരാൾ മരിച്ചു. ഇതര സംസ്ഥാന തൊഴിലാളി ഉള്‍പ്പെടെ 3 പേര്‍ക്ക് പരുക്കേറ്റു. പൂളക്കടവ് കൊഴമ്പുറത്ത് ഭഗവതി ക്ഷേത്രോത്സവത്തിനിടെ, ഉണങ്ങിനിന്ന തെങ്ങിന്റെ അടിഭാഗത്ത് തീപിടിച്ച് തെങ്ങ് കടപുഴകി വീണ് വെള്ളിമാടുകുന്ന് വാപ്പോളിത്താഴം കാട്ടറ പൊയില്‍ താഴത്ത് ഗണേശ് (60) ആണ് മരിച്ചത്. പാറോപ്പടി കൊല്ലറക്കല്‍ സുധീഷ് (44), സുനി, പറമ്പില്‍ ബസാറിലെ ഓയില്‍ മില്‍ ജീവനക്കാരന്‍ പ്രഭാത് എന്നിവര്‍ക്കാണ് പരുക്കേറ്റത്. ഇവരെ മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇന്നലെ രാത്രി പത്തേ മുക്കാലോടെയാണ് അപകടം. ഉണങ്ങിനിന്ന തെങ്ങിനോട് ചേര്‍ന്ന് ആരോ തീയിട്ടതിനെ തുടര്‍ന്ന് തീ കത്തിപ്പിടിക്കുകയായിരുന്നുവെന്നാണ് സൂചന.നാട്ടുകാര്‍ ഉടനെ രക്ഷാപ്രവര്‍ത്തനം നടത്തി. വെള്ളിമാടുകുന്നില്‍ നിന്ന് അഗ്‌നി രക്ഷാ സേനയും ചേവായൂര്‍ പൊലീസും സ്ഥലത്തെത്തിയിരുന്നു.
Discussion about this post