തിരുവനന്തപുരം: കറുത്ത വസ്ത്രത്തിനും മാസ്കിനും വിലക്കേർപ്പെടുത്തിയും തൊട്ടടുത്തുളള വീട്ടിൽ പോകാൻ അനുവദിക്കാതെയും ഇന്നലത്തേതിന് സമാനമായ കനത്ത സുരക്ഷ മുഖ്യമന്ത്രിയ്ക്ക് ഇന്നും തുടരും. തൃശൂർ, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ ഇന്ന് നിയന്ത്രണങ്ങളുണ്ടാകും. മുഖ്യമന്ത്രി ഇന്നലെ രാത്രി തങ്ങിയ തൃശൂർ രാമനിലയം ഗസ്റ്റ്ഹൗസിനോട് ചേർന്നുളള പാലസ് റോഡ് ഇന്നലെ മുതൽ പൂർണമായും അടച്ചിരിക്കുകയാണ്. കാൽനടയാത്രികരെ പോലും ഇതുവഴി വിടുന്നില്ല.

ഇന്നലെ രാത്രി യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധിച്ചതിനെ തുടർന്നാണ് ഇതുവഴി ഗതാഗതം വിലക്കിയത്. ഇന്ന് രാവിലെ 8.30 ഓടെ മുഖ്യമന്ത്രി മലപ്പുറം ജില്ലയിൽ പൊതുപരിപാടിയിൽ പങ്കെടുക്കാൻ ഇവിടെ നിന്നും ഇറങ്ങും. ആ സമയം മുഖ്യമന്ത്രി കടന്നുപോകുന്ന വഴികളിലെല്ലാം ഇന്നലത്തേതിന് സമാനമായി ഗതാഗതം സ്തംഭിപ്പിച്ച് നിയന്ത്രണം ഉണ്ടാകും.

നിലവിൽ അഞ്ഞൂറോളം പൊലീസുകാരെ അധികമായി മലപ്പുറത്ത് സുരക്ഷയ്ക്കായി നിയോഗിച്ചിട്ടുണ്ടെന്നാണ് വിവരം. 10ന് തവനൂർ സെൻട്രൽ ജയിൽ ഉദ്ഘാടനവും 11ന് പുത്തനത്താണിയിൽ ഇഎംഎസ് ദേശീയ സെമിനാറുമാണ് മുഖ്യമന്ത്രിയുടെ ജില്ലയിലെ പരിപാടികൾ.

തവനൂരിൽ മന്ത്രി പി എ മുഹമ്മദ് റിയാസ്, കെ ടി ജലീൽ എന്നിവരും പരിപാടിയിൽ പങ്കെടുക്കും. ഇവിടെ ഒൻപത് മണിവരെയെ പൊതുജനങ്ങൾക്ക് പ്രവേശനമുളളൂ. കുറ്റിപ്പുറം-പൊന്നാനി റോഡ് അടയ്ക്കുമെന്ന് പൊലീസ് അറിയിപ്പുണ്ട്. മുഖ്യമന്ത്രിയ്ക്ക് നേരെ തവനൂരിൽ കരിങ്കൊടി മാർച്ച് നടത്തുമെന്ന് യൂത്ത് കോൺഗ്രസ് പ്രഖ്യാപിച്ചിട്ടുണ്ട്. കോഴിക്കോട് ജില്ലയിലും മുഖ്യമന്ത്രി മൂന്ന് പരിപാടികളിലാണ് പങ്കെടുക്കുക.

Discussion about this post