തിരുവനന്തപുരം: മൂന്നാഴ്ചത്തെ വിദേശ സന്ദർശനം പൂർത്തിയാക്കി മുഖ്യമന്ത്രി പിണറായി വിജയൻ സംസ്ഥാനത്ത് മടങ്ങിയെത്തി. ഇന്ന് പുലർച്ചെയാണ് അദ്ദേഹം തിരുവനന്തപുരത്തെത്തിയത്. അമേരിക്കയിലെ മയോ ക്ലിനിക്കിലെ ചികിത്സയ്ക്കും ദുബായിലെ സന്ദർശനത്തിനും ശേഷമാണ് മുഖ്യമന്ത്രി തിരിച്ചെത്തിയത്.
ജനുവരി പതിനഞ്ചിനാണ് മുഖ്യമന്ത്രി ഭാര്യ കമലയ്‌ക്കൊപ്പം അമേരിക്കയിലേക്ക് പുറപ്പെട്ടത്. അവിടെ നിന്ന് ദുബായിലേക്ക് പോകുകയായിരുന്നു. ദുബായ് എക്സ്‌പോയിലെ കേരള പവലിയന്റെ ഉദ്ഘാടനം നിർവഹിച്ച മുഖ്യമന്ത്രി, നിക്ഷേപക പ്രമുഖരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
അതേസമയം ലോകായുക്ത ഓർഡിനൻസുമായി ബന്ധപ്പെട്ട് ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ തീരുമാനം വൈകുകയാണ്. ഈ സാഹചര്യത്തിൽ മുഖ്യമന്ത്രി ഗവർണറുമായി കൂടിക്കാഴ്ച നടത്തിയേക്കും. ഓർഡിനൻസിന്റെ ആവശ്യകത മുഖ്യമന്ത്രി നേരിട്ട് രാജ്ഭവനിലെത്തി വിശദീകരിച്ചാൽ, ഗവർണർ ഓർഡിനൻസിൽ ഒപ്പിടുമെന്ന പ്രതീക്ഷയിലാണ് സർക്കാർ.
സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷിന്റെ ആരോപണങ്ങൾ സർക്കാരിനെ പ്രതിരോധത്തിലാക്കിയിരിക്കുകയാണ്. ഈ സാഹചര്യം നേരിടുകയാവും മുഖ്യമന്ത്രിക്കു മുന്നിലെ പ്രധാന ദൗത്യം. അടങ്ങിയെന്ന് തോന്നിയ വിവാദം ആളിക്കത്തിച്ചത് ശിവശങ്കറിന്റെ പുസ്തകമാണെന്നിരിക്കെ, അതിൽ മുഖ്യമന്ത്രിക്ക് അതൃപ്തിയുണ്ടെന്ന സൂചനകളുണ്ട്.
Discussion about this post