ബെംഗളൂരു: കർണാടകയിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായിരുന്ന സി.എം. ഇബ്രാഹിം പാര്‍ട്ടി വിട്ടു. പ്രതിപക്ഷ നേതാവാക്കാത്തതിൽ പ്രതിഷേധിച്ചാണ് അദ്ദേഹം പാർട്ടിവിട്ടത്. ബി.കെ.ഹരിപ്രസാദിനെയാണ് പ്രതിപക്ഷ നേതാവായി നിയമിച്ചത്. കോണ്‍ഗ്രസ് തന്നെ അവഗണിച്ചുവെന്നും ഇനി പാര്‍ട്ടിയില്‍ തുടരുന്നതിൽ അര്‍ഥമില്ലെന്നും അടുത്ത തീരുമാനം ഉടന്‍ പ്രഖ്യാപിക്കുമെന്നും ഇബ്രാംഹിം പറഞ്ഞു.‘കോണ്‍ഗ്രസ് എന്നത് അടഞ്ഞ അധ്യായമാണ്. സ്വയം നശിച്ചുകൊണ്ടിരിക്കുകയാണ് പാര്‍ട്ടി. ഇന്ദിരാഗാന്ധിയുടെയും നെഹ്റുവിന്റെയും കാലത്ത് കോണ്‍ഗ്രസ് സോഷ്യലിസ്റ്റ് പാര്‍ട്ടിയായിരുന്നു. ഇന്ന് പണമില്ലാത്തവര്‍ക്ക് പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കാന്‍ പറ്റാത്ത അവസ്ഥയാണ്. സിദ്ധരാമയ്യയ്ക്ക് വേണ്ടിയാണ് ജനതാദള്‍ വിട്ടത്. അദ്ദേഹത്തെ മുഖ്യമന്ത്രിയാക്കുന്നതിലും വലിയ പങ്കു വഹിച്ചു. പക്ഷെ തനിക്ക് നേരിടേണ്ടി വന്നത് അവഗണന മാത്രമാണ്’–ഇബ്രാഹിം പറഞ്ഞു.
പാര്‍ട്ടിയിലേക്ക് തിരിച്ചു വന്നാല്‍ ഇരു കയ്യും നീട്ടി സ്വീകരിക്കുമെന്ന് ജെഡി(എസ്)നേതാവ് എച്ച്.ഡി കുമാരസ്വാമി പറഞ്ഞു. ദേവെഗൗഡയുമായി ആത്മബന്ധമുള്ള നേതാവാണ് സി.എം.ഇബ്രാഹിം. അദ്ദേഹം പാര്‍ട്ടിയിലേക്ക് തിരിച്ച് വരുന്നതില്‍ സന്തോഷമേ ഉള്ളുവെന്നും കുമാരസ്വാമി പറഞ്ഞു. 2008 ലായിരുന്നു ഇബ്രാഹിം ജനതാദള്‍ വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്നത്
Discussion about this post