ഇ.പി.ക്കെതിരെ കേസെടുക്കില്ലെന്ന നിലപാട് ആവര്‍ത്തിച്ച് മുഖ്യമന്ത്രി. ഇ.പി.യും ഗണ്‍മാനുമെല്ലാം തടഞ്ഞതുകൊണ്ടുമാത്രമാണ് മുഖ്യമന്ത്രിക്ക് നേരെ മറ്റ് അനിഷ്ട സംഭവങ്ങള്‍ ഉണ്ടാവാതിരുന്നതെന്ന് താന്‍ ആവര്‍ത്തിച്ച് വ്യക്തമാക്കുന്നതായും പിണറായി വിജയന്‍ നിയമസഭയില്‍ പറഞ്ഞു.ഇന്‍ഡിഗോയില്‍ തനിക്കെതിരെയുണ്ടായ പ്രതിഷേധത്തില്‍ എം.എല്‍.എയായിരുന്ന ഒരാള്‍ക്ക് പങ്കുണ്ടാവുമെന്ന് കരുതിയിരുന്നില്ല.
തനിക്കുനേരെ പലകാലത്തായി ഗുണ്ടാ ആക്രമണമുണ്ടായിട്ടുണ്ടെന്നും എന്നാല്‍ ഒരു എം.എല്‍.എയായിരുന്ന ഒരാള്‍ ഇതിന് നേതൃത്വം കൊടുക്കുമെന്ന് കരുതിയില്ല. വിമാനയാത്രക്കിടയില്‍ അക്രമികളെ ആസൂത്രിതമായി വിമാനത്തില്‍ കയറ്റിയാല്‍, എത്ര സുരക്ഷയുള്ള ആളായാലും അവരെ അപകടപ്പെടുത്താന്‍ ശ്രമിച്ചാല്‍, വിമാനജീവനക്കാര്‍ക്ക് അത് പ്രതിരോധിക്കാന്‍ യാതൊരു സംവിധാനവും നിലവിലില്ല. അതുകൊണ്ടുതന്നെയാണ് ‘ഫ്‌ളൈറ്റില്‍ കയറിക്കഴിഞ്ഞാല്‍ പിന്നെ തടയാന്‍ പറ്റില്ലല്ലോ’ എന്ന വാചകം വാട്‌സ് ആപ് ഗ്രൂപ്പില്‍ ഉണ്ടായത്.
ഈ സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തിയ ഇന്‍ഡിഗോയുടെ ആഭ്യന്തര അന്വേഷണ സമിതി ജൂലായ് 16-ന് പുറപ്പെടുവിച്ച ഉത്തരവ്, നിയമാനുസൃതം സംഭവത്തിലുള്‍പ്പെട്ടവരുടെ വാദങ്ങളും തെളിവുകളും കേള്‍ക്കാതെയാണെന്ന പരാതി ഉയര്‍ന്നുവന്നിട്ടുണ്ട്. ഉത്തരവില്‍ത്തന്നെ അതൊരു എക്‌സ് പാര്‍ട്ടി ഉത്തരവാണെന്ന് പറയുന്നുണ്ട്. പ്രതികളെ സഹായിക്കുന്ന നിലപാടാണ് ഇന്‍ഡിഗോയുടെ ആഭ്യന്തര അന്വേഷണ സമിതി കൈക്കൊണ്ടിട്ടുള്ളതെന്ന ആക്ഷേപവും ഉയര്‍ന്നിട്ടുണ്ട്.
ഇന്‍ഡിഗോ വിമാനക്കമ്പനി തങ്ങളുടെ യാത്രക്കാര്‍ക്ക് സുരക്ഷിതത്വവും സംരക്ഷണവും നല്‍കുന്നതില്‍ പരാജയപ്പെട്ടതും അക്രമികള്‍ക്ക് അനുകൂലമായ നിലപാട് സ്വീകരിച്ചതും വിമാനയാത്രയിലെ സുരക്ഷിതത്വത്തിന് അപകടമുണ്ടാക്കുന്ന ഘടമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
Discussion about this post