തിരുവനന്തപുരം: ക്ലിഫ് ഹൗസിൽ ഇനി ഇലയനങ്ങിയാൽ അറിയും. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ളിഫ് ഹൗസിൽ പഴുതടച്ച സുരക്ഷ ഒരുക്കുന്നതിന്റെ ഭാഗമായി 24 മണിക്കൂറും പ്രവർത്തിക്കുന്ന പൊലീസ് കൺട്രോൾ റൂം തുറന്നു. ക്ളിഫ് ഹൗസ് വളപ്പിൽ യുവമോർച്ച പ്രവർത്തകർ കെ-റെയിൽ സർവേകല്ല് സ്ഥാപിച്ച സംഭവം ഗുരുതര സുരക്ഷാ വീഴ്ചയായി വിലയിരുത്തിയതിന് പിന്നാലെയാണ് പഴുതടച്ച സുരക്ഷാ സംവിധാനം ഒരുക്കിയത്. സുരക്ഷയ്ക്ക് സ്റ്റേറ്റ് ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സ് കമാൻഡോ സംഘത്തെ നിയമിച്ചതിന് പുറമേ സി സി ടി വി കാമറ സംവിധാനം ഉൾപ്പെടെയുള്ള കൺട്രോൾ റൂം നിരീക്ഷണവും.
മെയിൻ ഗേറ്റിലെ പഴയ ഗാർഡ് റൂമിലാണ് സംവിധാനം. പുതിയ കെട്ടിടത്തിന്റെ നിർമ്മാണം പൂർത്തിയായാലുടൻ അവിടേക്ക് മാറ്റും. കൺട്രോൾ റൂം അസി. കമ്മിഷണർക്കാണ് മേൽനോട്ടം. 65 പൊലീസുകാർ ഷിഫ്റ്റ് അടിസ്ഥാനത്തിൽ ഡ്യൂട്ടിക്കുണ്ടാകും. ക്ളിഫ് ഹൗസ് വളപ്പുൾപ്പെടെ ചുറ്റുവട്ടത്തെ 10 കിലോമീറ്ററോളം സ്ഥലമാണ് കൺട്രോൾ റൂം പരിധിയിൽ. ഈ ഭാഗത്തെ ഒൻപത് മന്ത്രി മന്ദിരങ്ങളുടെ വളപ്പുകളും കാമറ നിരീക്ഷണത്തിലാക്കി. 32 കാമറകളാണുള്ളത്. ദൃശ്യങ്ങൾ കൺട്രോൾ റൂമിൽ നിരീക്ഷിക്കും. പുതിയ പിക്കറ്റ് പോസ്റ്റുകളും പട്രോളിംഗ് പോയിന്റുകളും സ്ഥാപിച്ചു. മന്ത്രി മന്ദിരങ്ങളിൽ പിൻവശത്തുൾപ്പെടെ പൊലീസുകാരെ അധികമായി ഡ്യൂട്ടിക്ക് നിയോഗിച്ചു.
ക്ളിഫ് ഹൗസ് കൺട്രോൾ റൂമിലെ ജീപ്പിനു പുറമേ സിറ്റി കൺട്രോൾ റൂമിൽ നിന്നുള്ള രണ്ട് ജീപ്പുകളും ഈ ഭാഗത്ത് സദാസമയവും പട്രോളിംഗ് നടത്തും. മ്യൂസിയം സ്റ്റേഷനിലെ ഒരു ജീപ്പും പതിവ് പട്രോളിംഗിനെത്തും. രണ്ട് ബൈക്ക് പട്രോളിംഗ് സംഘവും രണ്ട് പൊലീസുകാർ വീതമുള്ള ഫുട് പട്രോളും ഉണ്ടാകും. ദേവസ്വം ബോർഡ് ജംഗ്ഷൻ, ബെയ്ൻസ് കോമ്പൗണ്ട്, വൈ എം ആർ ജംഗ്ഷൻ, മറ്റ് മന്ത്രി മന്ദിരങ്ങൾ എന്നിവിടങ്ങളിൽ ഉൾപ്പെടെ ഒമ്പതോളം പിക്കറ്റുകളിൽ ബീറ്റ് ബുക്കും സ്ഥാപിച്ചു.
Discussion about this post