
വടകര: മടപ്പള്ളി ഗവ. കോളേജിലെ പൂർവ്വകാല കെ എസ് യു പ്രവർത്തകരുടെ കൂട്ടായ്മയായ സിമാക് (CIMAC -Socio Cultural Initiative of Madappally Alumni Congress) എന്ന സാമൂഹിക സാംസ്കാരിക സംഘടന സിമാക് ഫെസ്റ്റ് -2k23 കുടുംബ സംഗമം സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ജനുവരി 15 ന് വടകര മുൻസിപ്പൽ ടൗൺഹാളിലാണ് കുടുംബ സംഗമം നടക്കുക. രാവിലെ 9 മണി മുതൽ രജിസ്ട്രേഷൻ ആരംഭിക്കും.

പരിപാടിയുടെ ഔപചാരിക ഉദ്ഘാടനം രാവിലെ 10 മണിക്ക് മുൻ പ്രദേശ് കോൺഗ്രസ് കമ്മിറ്റി പ്രസിഡൻ്റും മടപ്പള്ളി കോളേജിലെ പൂർവ്വ വിദ്യാർത്ഥിയുമായ മുല്ലപ്പള്ളി രാമചന്ദ്രൻ നിർവ്വഹിക്കും. സ്വാഗത സംഘം ചെയർപേഴ്സൺ പ്രൊഫ. കെ പി അമ്മുക്കുട്ടി ചടങ്ങിൽ അധ്യക്ഷത വഹിക്കും.

സംസ്ഥാന യൂത്ത് കോൺഗ്രസ് സെക്രട്ടറി രാഹുൽ മാങ്കൂട്ടത്തിൽ മുഖ്യപ്രഭാഷണം നടത്തും. മടപ്പള്ളി കോളേജ് പൂർവ്വ വിദ്യാർത്ഥികളായ, മുൻ അഡ്വക്കറ്റ് ജനറൽ ഓഫ് പ്രോസിക്യൂഷൻ അഡ്വ. ടി അസഫ് അലി, കെ എസ് യു മുൻ സംസ്ഥാന ട്രഷററും കെ പി സി സി മെമ്പറുമായ അഡ്വ. ഐ മൂസ്സ പ്രസംഗിക്കും.

തുടർന്ന് സിമാക് കുടുംബാംഗങ്ങളുടെ കലാപരിപാടികൾ, കളരിപ്പയറ്റ്, ഗാനമേള എന്നിവ അരങ്ങേറും. വ്യത്യസ്ഥ മേഖലകളിലെ പ്രതിഭകളായ അകം അശോകൻ (സിനിമാ നാടക നടൻ), ശ്രീനന്ദ് വിനോദ് (ടോപ്പ് സിങ്ങർ സീസൻ 2 വിജയി), വിവിധ പരീക്ഷകളിൽ വിജയം നേടിയ സിമാക് അംഗങ്ങളുടെ കുട്ടികളെയും ചടങ്ങിൽ ആദരിക്കും.

വൈകുന്നേരം 4 മണിക്ക് നടക്കുന്ന സമാപന സമ്മേളനം കെ.പി.സി.സി അധ്യക്ഷൻ കെ സുധാകരൻ എം പി ഉദ്ഘാടനം ചെയ്യും. പ്രസിഡൻ്റ് അഡ്വ. പ്രമോദ് വരപ്രം അധ്യക്ഷത വഹിക്കും. മുൻ കെ പി സി സി അധ്യക്ഷൻ കെ മുരളീധരൻ എം പി മുഖ്യാതിഥിയായി പങ്കെടുക്കുമെന്നും സിമാക് ഭാരവാഹികൾ പറഞ്ഞു.

Discussion about this post