തിരുവനന്തപുരം : തൃക്കാക്കര കൂട്ടബലാത്സംഗക്കേസിലെ പ്രതിയായ ബേപ്പൂര്‍ കോസ്റ്റല്‍ സിഐ പി ആര് സുനു പൊലീസ് മേധാവിക്ക് മുന്നില്‍ ഇന്ന് വിശദീകരണം നല്‍കും. നേരിട്ട് ഹാജരായി വിശദീകരണം നല്‍കുന്നതിന് വേണ്ടി പൊലീസ് മേധാവി നോട്ടീസ് നല്‍കിയിരുന്നു.ഇന്ന് രാവിലെ 11ന് പൊലീസ് മേധാവിയുടെ ചേംബറിലെത്തി സര്‍വീസില്‍ നിന്ന് പിരിച്ചുവിടാതിരിക്കാനുള്ള കാരണം ബോധിപ്പിക്കാനാണ് നിര്‍ദേശം നല്‍കിയത്. നേരത്തെ നോട്ടീസ് നല്‍കിയിരുന്നുവെങ്കിലും പ്രതിയായ സുനു അഡ്മിനിസ്ട്രേറ്റീവ്
ട്രിബ്യൂണലിനെ സമീപിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് ഒരാഴച്ചയ്ക്കുള്ളില്‍ വിശദീകരണം നല്‍കാനായിരുന്നു ട്രിബ്യൂണലിന്റെ നിര്‍ദേശം. തുടര്‍ന്ന് ഡിസംബര്‍ 31ന് സുനു പൊലീസ് മേധാവിക്ക് മുന്നില്‍ ഇ മെയില്‍ വഴി വിശദീകരണം നല്‍കിയിരുന്നു. തൃക്കാക്കര കൂട്ടബലാത്സംഗക്കേസില്‍ സുനു കുറ്റക്കാരനാണെന്ന് ഉറപ്പിച്ചിട്ടില്ലെങ്കിലും മുന്‍കാല ചരിത്രം വെച്ച് ഇയാള്‍ക്ക് സേനയില്‍ തുടരാന്‍ അവകാശമില്ലെന്ന് ഡിജിപി ആഭ്യന്തരവകുപ്പിന് നേരത്തെ റിപ്പോര്‍ട്ട് നല്‍കിയിരുന്നു.നിലവില്‍ ആറ് ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് സിഐ സുനു.
Discussion about this post