തയ്യാറാക്കിയത്: രാഗേഷ് അഥീന
മനുഷ്യൻ്റെ അവസ്ഥാന്തരങ്ങളെ കുറിച്ചുള്ള ലിജോ ജോസ് പെല്ലിശ്ശേരിയുടെ ദൃശ്യ സമ്പന്നമായ വ്യാഖ്യാനമാണ് ചുരുളി. ലിജോ ജോസ് പെല്ലിശ്ശേരി സ്വന്തം ചിന്തകൾക്കനുസരിച്ച് മാത്രം സിനിമ ചെയ്യുന്ന വ്യക്തി ആണ്. അവിടെ പ്രേക്ഷകന് രണ്ടാം സ്ഥാനം മാത്രമാണുള്ളത് . ജെല്ലിക്കെട്ട് പോലുള്ള സിനിമകളിൽ അത് വ്യക്തവുമാണ്. പുതിയ ചിത്രമായ ചുരുളിയിൽ ഇത് കൂടുതൽ വ്യക്തമാകുന്നു. മനുഷ്യാവസ്ഥയ്ക്ക് ഉയർന്ന മൂല്യം കല്പിക്കുന്ന നുകം പേറാൻ അദ്ദേഹം തയ്യാറല്ല. സമയവും സ്ഥലവും അനുകൂലമാണെങ്കിൽ സഭ്യതയുടെ അതിർവരമ്പുകൾ ലംഘിച്ച് പരപ്രേരണയില്ലാതെ മനുഷ്യർ എങ്ങനെ മൃഗങ്ങളായി മാറുന്നു എന്ന് ഓരോ സിനിമ കഴിയുന്തോറും കൂടുതൽ വ്യക്തമായി അദ്ദേഹം വിശദമാക്കുന്നുണ്ട്.
ചുരുളി ഇടതൂർന്ന മരങ്ങൾ നിറഞ്ഞ കുന്നിൻ മുകളിലുള്ള ഒരു ഗ്രാമമാണ്. കാടിന് നടുവിൽ സ്ഥിതി ചെയ്യുന്ന ഈ ചെറിയ ഗ്രാമത്തിൽ മനുഷ്യനെ വന്യമൃഗങ്ങളിൽ നിന്നും വേർതിരിക്കുന്ന രേഖ വളരെ നേർത്തതാണ്. മൃഗങ്ങൾക്ക് പുറമെ പരിഷ്കൃത സമൂഹത്തെ ഭരിക്കുന്ന നിയമങ്ങളിൽ നിന്നും ഒളിച്ചോടുന്ന കുറ്റവാളികൾക്കും ഇതൊരു സങ്കേതമാണ് .
ആൻറണി (ചെമ്പൻ വിനോദ് ജോസ്), ഷാജിവൻ (വിനയ് ഫോർട്ട്) എന്നീ പേരുകളിലുള്ള രണ്ട് രഹസ്യ പോലീസുകാർ ചുരുളിയിലേക്ക് പോകുകയാണ്. മയിലാടുംകുന്ന് ജോയ് എന്ന പിടികിട്ടാപുള്ളി ചുരുളിയിലെ ഇടതൂർന്ന പച്ചപ്പിന്റെ ഇടയിൽ ഒളിച്ച് താമസിക്കുന്നതായി കിട്ടിയ വിവരത്തിൻ്റെ അടിസ്ഥാനത്തിലാണ് അവർ ചുരുളിയിൽ എത്തുന്നത്. തന്റെ കരിയറിൽ സമാനമായ നിരവധി ദൗത്യങ്ങൾ ഏറ്റെടുത്തിട്ടുള്ള ഒരു മുതിർന്ന പോലീസ് ഉദ്യോഗസ്ഥനായ ആന്റണി താരതമ്യേന അനുഭവപരിചയമില്ലാത്ത ഷാജിവന് ആവശ്യമായ നിർദ്ദേശങ്ങൾ നൽകിക്കൊണ്ടാണ് ചുരുളിയിലെത്തുന്നത് .
20 വർഷത്തെ ഇത്തരം രഹസ്യ ജോലികൾ കൈകാര്യം ചെയ്ത അനുഭവമാണ് ചുരുളിയിലേക്ക് വേണ്ടി തന്നെ നിയോഗിച്ചതെന്ന് ആന്റണി കരുതുന്നു. പക്ഷേ ചുരുളി ഒരു സാധാരണ സ്ഥലമായിരുന്നില്ല. ചുരുളി ഉയർത്തുന്ന വെല്ലുവിളികളെ നേരിടുന്നതിന് വേണ്ടി കഴിയാത്തത്ര രീതിയിൽ നിഗൂഢമാണത്. കാലുകുത്തുന്ന എല്ലാവരിലും എന്തോ ഒന്ന് ഉണർത്തുന്ന ഒരു കൽപ്പിത ഭൂമിക.
സിനിമയുടെ തുടക്കത്തിൽ ഒരു നാടോടിക്കഥ പറയുന്നുണ്ട്. കാട്ടിലൂടെ പോകുന്നവരെ തെറ്റിദ്ധരിപ്പിക്കുന്നതിൽ കുപ്രസിദ്ധനായ ഒരു മായാവിയുടെ കളികളെ കുറിച്ചുള്ള കഥ. പെരുമാടൻ എന്നാണ് മായാവിയുടെ പേര്. ഒരിക്കൽ ഒരു പണ്ഡിതനായ ബ്രാഹ്മണൻ പെരുമാടനെ പിടിക്കാനുള്ള ദൗത്യവുമായി പുറപ്പെട്ടു, പക്ഷേ അവസാനം പെരുമാടനാൽ തന്നെ ബ്രാഹ്മണൻ കബളിപ്പിക്കപ്പെടുകയായിരുന്നു .
കഥയിൽ പെരുമാടൻ ബ്രാഹ്മണന്റെ തലയിലെ കുട്ടയിൽ ഇരിക്കുകയായിരുന്നു. ബ്രാഹ്മണനെ നിരന്തരം അവൻ വഴി തെറ്റിക്കുന്നു . സിനിമയിൽ പെരുമാടൻ ചുരുളിയുടെ അന്തരീക്ഷവായു ശ്വസിക്കുന്ന എല്ലാവരെയും ദുഷിപ്പിക്കുന്നു.
ചുരുളി പ്രദാനം ചെയ്യുന്നത് പരമമായ സ്വാതന്ത്ര്യമാണ്. ദുരൂഹമായ ആ ഭൂമിയിലേക്ക് നയിക്കുന്ന അപകടകരമായ പാലം കടന്നാൽ മനുഷ്യർ വ്യത്യസ്ത മനുഷ്യരായി മാറുന്നു. നിയമങ്ങളില്ലാത്ത ഈ നാട്ടിൽ അവർക്ക് ഇനി ദയയും മര്യാദയും നല്ല പെരുമാറ്റവും നടിക്കേണ്ട ആവശ്യമില്ല. പരിഷ്കൃത സമൂഹത്തിന്റെ നിർമ്മിതികൾ ഇവിടെ ബാധകമല്ല. പകർത്താൻ മാതൃകകളോ നായകന്മാരോ ഇല്ല. ഗ്രാമത്തിലെ ഓരോ മനുഷ്യനും ദുഷ്ടനും / ദുഷ്ടയും വഞ്ചകനുമാണെന്ന് / വഞ്ചകയുമാണെന്ന് ഗ്രാമത്തിലുള്ള എല്ലാവർക്കും അറിയാം. അവരുടെ ജീവിതത്തിൽ ഉയർന്ന ലക്ഷ്യം കണ്ടെത്താൻ ആരും ആഗ്രഹിക്കുന്നില്ല. ആരെയും ചുമക്കാതെ ആരെയും വിലയിരുത്താതെ ഇന്ദ്രിയങ്ങളുടെ സന്തോഷത്തിൽ മുഴുകുക എന്നതാണ് അവരുടെ രീതി.
നിയമവാഴ്ചയിൽ വിശ്വാസമുള്ള, അത് ഉയർത്തിപ്പിടിക്കാൻ ആഗ്രഹിക്കുന്ന, അനുസരണയുള്ള ഒരു പൗരനായാണ് ഷാജിവനെ ആദ്യം സിനിമയിൽ അവതരിപ്പിക്കുന്നത്. പക്ഷേ ചുരുളിയുടെ അന്തരീക്ഷം അവനിൽ പ്രകടമായ മാറ്റങ്ങൾ ഉണ്ടാക്കുന്നു. തന്നിലെ മൃഗവാസനകൾ പുറത്തെടുക്കുന്ന അവൻ തന്റെ ആഗ്രഹങ്ങൾക്കനുസരിച്ച് ജീവിക്കുന്നു. തൻ്റെ മുന്നിലുള്ള തടസ്സങ്ങളെ ഉൻമൂലനം ചെയ്യുന്നു.
തിരക്കഥാകൃത്ത് എസ്.ഹരീഷ് പകർന്നുനൽകിയ നിഗൂഢമായ സങ്കീർണ്ണതകൾ മനോഹരമായി ദൃശ്യവൽക്കരിച്ചിരിക്കുകയാണ് ലിജോ ജോസ് പെല്ലിശ്ശേരി. ഛായാഗ്രാഹകൻ മധു നീലകണ്ഠൻ ഒരുക്കുന്ന കാടിൻ്റെ വിവിധ കോണുകളിൽ നിന്നുള്ള മനോഹര ദൃശ്യങ്ങൾ ചുരുളിക്ക് മനോഹരമായ കാഴ്ചാനുഭവം നൽകുന്നു.
അതിസൂക്ഷ്മമായി കാടിൻ്റെ വന്യതയും നിഗൂഢതയും വെളിവാക്കുന്ന ശബ്ദമിശ്രണം സിനിമയുടെ എടുത്തു പറയേണ്ട സവിശേഷതകളിൽ ഒന്നാണ്. ശ്രീരാഗ് സജിയുടെ സംഗീതവും ദീപു ജോസഫിൻ്റെ ചിത്രസംയോജനവും അഭിനേതാക്കളുടെ പ്രകടനവും മികച്ചതായി. ചുരുളി നിവാസികൾ ഉപയോഗിക്കുന്ന ഭാഷ “തെറി ” എന്ന വിഭാഗത്തിൽ വരുന്നത് കൊണ്ട് തന്നെ 18 വയസ്സിന് മുകളിൽ ഉള്ളവർക്ക് മാത്രമായി എന്ന് പ്രത്യേകം രേഖപ്പെടുത്തലുകൾ വരുത്തിയാണ് ഈ സിനിമ sony iv ൽ റിലീസ് ചെയ്തിരിക്കുന്നത്
Discussion about this post