തിരുവനന്തപുരം: തെലുങ്ക് മെഗാസ്‌റ്റാർ ചിരഞ്ജീവിക്കൊപ്പം ശബരിമല ദർശനം നടത്തിയത് യുവതിയല്ലെന്നും വ്യവസായ ഗ്രൂപ്പ് ഉടമയുടെ പത്നിയാണെന്നും തിരുവിതാംകൂർ ദേവസ്വംബോർഡ് പ്രസിഡന്റ് ആർ.അനന്തഗോപൻ. എല്ലാ ഭക്തരെയും പോലെ ഇവരുടെ തിരിച്ചറിയൽ കാർഡുകൾ പരിശോധിച്ചാണ് ശബരിമലയിലേക്ക് കടത്തിവിട്ടതെന്നും അനന്തഗോപൻ പറഞ്ഞു.
ചിരഞ്ജീവിയുടെ സന്ദർശനവുമായി ബന്ധപ്പെട്ട് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ വരുന്നത് തീർത്തും തെറ്റായ വാർത്തകളും പ്രചാരണവുമാണെന്ന് അദ്ദേഹം അറിയിച്ചു. ഫെബ്രുവരി 13ന് ചിരഞ്ജീവിയും സംഘവും സന്നിധാനത്തെത്തി. ചിരഞ്ജീവി, ഭാര്യ, ഫിനിക്‌സ് ഗ്രൂപ്പ് മേധാവികളായ ചുക്കപ്പളളി സുരേഷ്, ചുക്കപ്പളളി ഗോപി ഇവരുടെ ഭാര്യമാർ എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്. ഇതിൽ വിവാദമായ മധുമതി ചുക്കപ്പളളിയുടെ ജനനവർഷമായി രേഖപ്പെടുത്തിയത് 1966ആണ്. ആചാരമനുസരിച്ച് അവർക്ക് ശബരിമല ദർശനത്തിന് തടസമില്ലെന്നും അനാവശ്യമായി ആക്ഷേപം ഉന്നയിച്ചവർക്കെതിരെ പൊലീസിൽ പരാതി നൽകുമെന്നും ദേവസ്വംബോർഡ് പ്രസിഡന്റ് വ്യക്തമാക്കി.
മാതാവിന് 55 വയസ് കഴിഞ്ഞതായും തങ്ങളുടെ കമ്പനിയാണ് 2017ൽ ശബരിമലയിൽ കൊടിമരം സമർപ്പിച്ചതെന്നും മധുമതിയുടെ മകൻ അവിനാശ് ചുക്കപ്പളളി സമൂഹമാദ്ധ്യമങ്ങളിലൂടെ വ്യക്തമാക്കിയിരുന്നു.
Discussion about this post