

തിക്കോടി: ചിങ്ങപുരത്ത് നിരവധി ആളുകൾക്ക് ഭക്ഷ്യവിഷബാധയേറ്റെന്ന് സംശയം. 107 ലധികം പേർ മൂന്ന് ദിവസങ്ങളിലായാണ് വിവിധ ആശുപത്രികളിൽ ചികിത്സ തേടി.നേരിയ വയറുവേദനയും ഛർദ്ദിയുമാണ് ആശുപത്രിയിലെത്തിയവർ പറയുന്ന ലക്ഷണങ്ങൾ. ക്ഷേത്രോത്സവവുമായി നടത്തിയ സമൂഹസദ്യയിൽ നിന്നാണോയെന്ന് പരിശോധിക്കുന്നതിനായി കൊയിലാണ്ടി ഫുഡ് ആൻ്റ് സേഫ്റ്റി ഓഫീസർ അടക്കം ആരോഗ്യ വകുപ്പിലെ എല്ലാ ഉദ്യോഗസ്ഥരും സ്ഥലത്ത് എത്തി പരിശോധന നടത്തി.


മൂടാടി ഗ്രാമപഞ്ചായത്ത് ആരോഗ്യ വിഭാഗത്തിൻ്റെ നേതൃത്വത്തിൽ മെഡിക്കൽ ക്യാമ്പും സംഘടിപ്പിച്ചു.
ലക്ഷണങ്ങൾ പ്രകടിപ്പിച്ച 250ഓളം പേരിൽ 107 പേരാണ് വിവിധ സർക്കാർ, സ്വകാര്യ ആശുപത്രികളിൽ ചികിത്സ തേടിയത്. ആർക്കും രോഗലക്ഷണങ്ങൾ സാരമുള്ളതല്ല.

ചിങ്ങപുരം കൊങ്ങന്നൂർ ക്ഷേത്ര ഉത്സവവുമായി ബന്ധപ്പെട്ട് ഇക്കഴിഞ്ഞ ദിവസങ്ങളിലായി 25,000 ത്തോളം പേർ സമൂഹസദ്യയിൽ പങ്കെടുത്ത് ഭക്ഷണം കഴിച്ചിരുന്നു. അതേ സമയം, ക്ഷേത്ര സദ്യയിൽ ഭക്ഷണം കഴിക്കാത്തവർക്കും, പുറത്തെ സ്റ്റാളുകളിൽ നിന്ന് ചായ ഉൾപ്പടെ കഴിച്ചവർക്കും ലക്ഷണങ്ങൾ കണ്ടെത്തിയിട്ടുണ്ട്. ഇതാണ് ക്ഷേത്ര സദ്യയിൽ നിന്നാണോ, പുറത്ത് നിന്നും ഐസ്ക്രീം പോലുള്ള ഭക്ഷ്യപദാർഥങ്ങളിൽ ഭക്ഷിച്ചവർക്കാണോ വിഷബാധയുണ്ടായതെന്ന് സംശയിക്കാനുള്ള കാരണം.


ഉത്സവത്തിന് മുമ്പേ ഭക്ഷണ കാര്യത്തിൽ പാലിക്കേണ്ട മുഴുവൻ സുരക്ഷാ മാനദണ്ഡങ്ങളും പാലിച്ചിട്ടുണ്ടെന്ന് ക്ഷേത്ര ഭാരവാഹികളും ആരോഗ്യ പ്രവർത്തകരും പറഞ്ഞു. ഫുഡ് ആൻ്റ് സേഫ്റ്റി ഓഫീസർ വിജി വിൽസൺ ഭക്ഷണം പാകം

ചെയ്യുന്നതിനായി ഉപയോഗിച്ച കിണർ ജലത്തിൻ്റെ സാമ്പിൾ ശേഖരിച്ചിട്ടുണ്ട്. ക്ഷേത്ര ഭക്ഷണത്തിൽ നിന്നാണ് വിഷബാധയുണ്ടായതെന്ന് പറയാൻ കഴിയില്ലെന്നും പരിശോധന നടക്കുകയാണെന്നും സേഫ്റ്റി ഓഫീസർ പറഞ്ഞു.

വിവരമറിഞ്ഞയുടനെ മൂടാടി ഗ്രാമപഞ്ചായത്ത് പ്രാഥമികാരോഗ്യകേന്ദ്രത്തിൽ നിന്നും മെഡിക്കൽ ഓഫീസർ ഡോ.ജീന എലിസബത്ത്, എച്ച് ഐമാരായ ഷീന, സത്യൻ, ഷമേജ്, രതീഷ് എന്നിവരും മേലടി കമ്യൂണിറ്റി ഹെൽത്ത് സെൻ്ററിലെ ജെ എച്ച് ഐ കെ പ്രകാശൻ എന്നിവരും സ്ഥലത്തെത്തി.പ്രാഥമികാരോഗ്യകേന്ദ്രത്തിൻ്റെ ആഭിമുഖ്യത്തിൽ ക്ഷേത്രാങ്കണത്തിൽ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.ആരോഗ്യ പ്രവർത്തകർ ക്ഷേത്ര പരിസരത്തെ വീടുകളിൽ സന്ദർശിച്ച് ബോധവത്കരണം നടത്തി.

മൂടാടി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് സി കെ ശ്രീകുമാർ, ആരോഗ്യസ്ഥിരം സമിതി അധ്യക്ഷൻ ടി കെ ഭാസ്കരൻ ,തിക്കോടി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ജമീല സമദ്, വൈസ് പ്രസിഡൻ്റ് കുയ്യണ്ടി രാമചന്ദ്രൻ, സ്ഥിരം സമിതി അധ്യക്ഷരായ, കെ പി ഷക്കീല, ആർ വിശ്വൻ, പഞ്ചായത്തംഗം വിബിത ബൈജു എന്നിവരും സ്ഥലത്തുണ്ടായിരുന്നു.

Discussion about this post