കോഴിക്കോട്: വെളളിമാടുകുന്ന് സർക്കാർ ചിൽഡ്രൻസ് ഹോമിൽ നിന്നും രക്ഷപ്പെട്ട ആറ് പെൺകുട്ടികളിൽ അവശേഷിക്കുന്ന നാല് കുട്ടികളെയും കണ്ടെത്തി. മലപ്പുറം എടക്കരയിൽ ഓട്ടോയിൽ സഞ്ചരിക്കുകയായിരുന്ന ഇവരെ സംശയം തോന്നിയ പൊലീസ് പിന്തുടർന്ന് പിടിക്കുകയായിരുന്നു. സുഹൃത്തിന്റെ വീട്ടിലേക്ക് പോകുകയാണെന്നാണ് പെൺകുട്ടികൾ നൽകിയ മൊഴി.
കാണാതായ ആറ് കുട്ടികളിൽ ഒരാളെ ബാംഗ്ളൂരിലെ ഹോട്ടലിൽ വച്ചും മറ്റൊരാളെ നാട്ടിലേക്ക് ബസ് യാത്രയ്‌ക്കിടെ മണ്ഡ്യയിൽ നിന്നുമാണ് പിടികൂടിയത്. മറ്റുളളവർ ഗോവയിലേക്ക് പോയെന്ന് പിടിയിലായ ഒരു കുട്ടി പറഞ്ഞിരുന്നു.
റിപബ്ളിക് ദിനത്തിൽ ചിൽഡ്രൻസ് ഹോമിൽ ചടങ്ങുകൾ നടക്കുന്നതിനിടെയാണ് ഏണിയിലൂടെ പെൺകുട്ടികൾ പുറത്തുകടന്നത്. ശേഷം രണ്ട് യുവാക്കൾക്കൊപ്പം ബംഗളൂരുവിലെ ഒരു ഹോട്ടലിലെത്തിയ കുട്ടികൾ റൂം ബുക്ക് ചെയ്യാൻ ശ്രമിച്ചു. ഇതിനിടെ സംശയം തോന്നിയ ഹോട്ടൽ ജീവനക്കാർ കുട്ടികളുടെ രേഖകൾ ചോദിച്ചിരുന്നു. രേഖകളൊന്നും ഇല്ലാത്തതും മൊബൈൽ കളവുപോയെന്ന് അറിയിക്കുകയും ചെയ്‌തതോടെ ഇവരെ ഹോട്ടൽ ജീവനക്കാർ തടഞ്ഞുവയ്‌ക്കാൻ ശ്രമിച്ചു. ഇതിനിടെയാണ് ഒരാൾ പിടിയിലായത്. മറ്റുളളവർ രക്ഷപ്പെട്ടു.
ഇങ്ങനെ രക്ഷപ്പെട്ടവരിൽ അവശേഷിച്ച നാല് കുട്ടികളാണ് ഇപ്പോൾ പിടിയിലായത്. രണ്ട് യുവാക്കളെ ട്രെയിനിൽ വച്ച് പരിചയപ്പെട്ടതാണെന്നാണ് പെൺകുട്ടികൾ അറിയിച്ചത്. ആറ് പെൺകുട്ടികളിൽ അഞ്ചുപേർ കോഴിക്കോട് സ്വദേശികളും ഒരാൾ കണ്ണൂർ സ്വദേശിയുമാണ്.
Discussion about this post