കോഴിക്കോട്: വെള്ളിമാടുകുന്നിലെ ചിൽഡ്രൻസ് ഹോമിൽ നിന്ന് കടന്നുകളഞ്ഞ പെൺകുട്ടികളെ തിരികെ എത്തിച്ചു. മകളെ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് ഇവരിലൊരാളുടെ അമ്മ അപേക്ഷ നൽകി. കോഴിക്കോട് ജില്ലാ കളക്ടർക്കാണ് അപേക്ഷ നൽകിയത്.
മകളെ തനിക്കൊപ്പം വീട്ടിലേക്ക് അയക്കണമെന്നാണ് അമ്മയുടെ ആവശ്യം. വിട്ടുകൊടുക്കില്ലെന്ന് ചിൽഡ്രൻസ് ഹോം അധികൃതർ പറഞ്ഞുവെന്നും മാതാവ് ആരോപിക്കുന്നു. ആറ് പെൺകുട്ടികളാണ് കഴിഞ്ഞ ബുധനാഴ്ച ചിൽഡ്രൻസ് ഹോമിൽ നിന്ന് ഒളിച്ചോടിപ്പോയത്.
രണ്ട് പേരെ ബംഗളൂരുവിൽ നിന്നും നാല് പേരെ മലപ്പുറം എടക്കരയിൽ നിന്നുമായിരുന്നു കണ്ടെത്തിയത്. ചിൽഡ്രൻസ് ഹോമിലെ അവസ്ഥ മോശമായതിനാലാണ് പുറത്തുപോയതെന്ന് ഇവർ പറഞ്ഞിരുന്നു.
അതേസമയം പെൺകുട്ടികളെ പീഡിപ്പിക്കാൻ ശ്രമിച്ച പ്രതി കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിച്ച സംഭവത്തിൽ പൊലീസുകാർക്കെതിരെ നടപടിയുണ്ടായേക്കും. പ്രതികളെ വൈദ്യ പരിശോധനയ്ക്ക് കൊണ്ടുപോകുമ്പോൾ ജാഗ്രതക്കുറവുണ്ടായെന്നാണ് പ്രാഥമിക വിലയിരുത്തൽ. സ്‌പെഷ്യൽ ബ്രാഞ്ച് ഇന്ന് കമ്മീഷണർക്ക് റിപ്പോർട്ട് നൽകും.
Discussion about this post