കോഴിക്കോട്: ചിൽഡ്രൻസ് ഹോമിൽ നിന്ന് പെൺകുട്ടികളെ കാണാതായ സംഭവത്തിൽ അറസ്റ്റിലായ പ്രതികളിൽ ഒരാൾ ഓടി രക്ഷപ്പെട്ടു. തൃശ്ശൂർ കൊടുങ്ങല്ലൂർ സ്വദേശിയായ ഫെബിൻ റാഫിയാണ് (26) രക്ഷപ്പെട്ടത്. ചേവായൂർ പൊലീസ് സ്റ്റേഷനിൽ നിന്നാണ് പ്രതി ഓടി രക്ഷപ്പെട്ടത്.
ബെംഗളൂരുവില്‍ കണ്ടെത്തിയ രണ്ടു കുട്ടികളെയും ഇവര്‍ക്കൊപ്പമുളള യുവാക്കളെയും കൊണ്ട് പൊലീസ് സംഘം പുലര്‍ച്ചെ രണ്ടുമണിയോടെയാണ് കോഴിക്കോട്ട് എത്തിയത്.മാധ്യമ പ്രവർത്തകരുടെയും പൊലീസിന്‍റെയും കണ്ണ് വെട്ടിച്ചാണ് സ്റ്റേഷന്‍റെ പിൻഭാഗത്ത് കൂടി പ്രതി ഓടി രക്ഷപ്പെട്ടിരിക്കുന്നത്.
സിഐയുടെ നേതൃത്വത്തിൽ പ്രതിക്കായി തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്.ഇതു വരെയും കണ്ടെത്താനായിട്ടില്ല.കൂട്ടാളിയായ കൊല്ലം സ്വദേശി ടോം തോമസ് ജയിലിലുണ്ട്.
ആറ് പെണ്‍കുട്ടികളെയും ഇന്ന് കോടതിയില്‍ ഹാജരാക്കും. വിശദമായ മൊഴി എടുത്തതിനു ശേഷമായിരിക്കും മജിസ്‌ട്രേട്ടിന് മുന്നില്‍ ഹാജരാക്കുക. ഇതിനിടെ കോഴിക്കോട് വെള്ളിമാടുകുന്നിലെ ചില്‍ഡ്രന്‍സ് ഹോമിന് സുരക്ഷാ സംവിധാനം ഒരുക്കണമെന്ന സിഡബ്ല്യുസി നിര്‍ദേശം ഒരു വര്‍ഷമായിട്ടും നടപ്പിലാക്കിയിട്ടില്ല. പലതവണ അന്തേവാസികള്‍ ഒളിച്ചോടിയിട്ടും ബാലികാമന്ദിരം അധികൃതര്‍ ഗുരുതര അലംഭാവം പുലര്‍ത്തിയെന്നാണ് ബാലക്ഷേമ സമിതിയുടെ വിലയിരുത്തല്‍. സുരക്ഷ ഒരുക്കുന്നതിന് തടസം സാങ്കേതിക കാരണങ്ങളാണെന്ന് പറഞ്ഞ് തടിയൂരുകയാണ് അധികൃതര്‍.
ആറ് പെണ്‍കുട്ടികള്‍ ബാലികാമന്ദിരത്തില്‍ നിന്ന് പുറത്ത് കടന്നതിന് പിന്നാലെയാണ് വെള്ളിമാടുകുന്നിലെ സുരക്ഷാ വീഴ്ച്ചയെപ്പറ്റി റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്ന്. 17 വയസ് വരെയുള്ള പെണ്‍കുട്ടികളെ താമസിപ്പിക്കുന്ന ഗേള്‍സ് ഹോമിന് വേണ്ടത്ര സുരക്ഷാ സംവിധാനം ഒരുക്കിയിട്ടില്ല. ചുറ്റുമതില്‍ പലയിടത്തും തകര്‍ന്ന നിലയിലാണ്. അനായാസമായി ആര്‍ക്കും എപ്പോള്‍ വേണമെങ്കിലും പുറത്ത് കടക്കാനും അകത്തേക്ക് കയറാനുമാകും. ആവശ്യത്തിന് സുരക്ഷാജീവനക്കാരോ, അന്തേവാസികളെ പരിപാലിക്കാന്‍ വാര്‍ഡര്‍മാരോ ഇല്ല.
ജെന്‍ഡര്‍ പാര്‍ക്ക് അടക്കമുള്ള പൊതുഇടങ്ങളുള്ള ഇവിടെ നിരീക്ഷണത്തിനായി ഒരു ജീവനക്കാരന്‍ മാത്രമാണുള്ളത്. അകത്ത് കയറുന്നവര്‍ എവിടേക്ക് പോകുന്നെന്ന് നിരീക്ഷിക്കാന്‍ മറ്റ് സംവിധാനങ്ങളൊന്നുമില്ല. നേരത്തെയും സമാനരീതിയില്‍ കുട്ടികള്‍ ഒളിച്ചോടാന്‍ ശ്രമിച്ചിട്ടും അധികാരികള്‍ നിസ്സംഗത പുലര്‍ത്തുകയാണ്. ഗുരുതര വീഴ്ച്ചയാണ് ജീവനക്കാരില്‍ നിന്നുണ്ടായതെന്നാണ് ബാലക്ഷേമ സമിതിയുടെ നിരീക്ഷണം.
Discussion about this post