കോട്ടയം: വൈക്കത്ത് അങ്കണവാടി കെട്ടിടം ഇടിഞ്ഞുവീണ് മൂന്നരവയസ്സുകാരന് പരുക്കേറ്റ സംഭവത്തില്‍ കര്‍ശന നടപടി സ്വീകരിച്ച് ബാലാവകാശ കമ്മീഷന്. പരുക്കേറ്റ കുട്ടിക്ക് അടിയന്തര ധനസഹായമായി ഒരു ലക്ഷം രൂപ നഷ്ടപരിഹാരം നല്കാന് കമ്മീഷന് ഉത്തരവിട്ടു. അങ്കണവാടി കെട്ടിടങ്ങളുടെ സുരക്ഷ ഉറപ്പു വരുത്തണമെന്ന നിര്‍ദേശം നല്‍കുകയും ചെയ്തു.
കഴിഞ്ഞ എപ്രിലിലാണ് വൈക്കം കായിക്കരയിലെ അങ്കണവാടി കെട്ടിടത്തിന്റെ ചുമര് തകര്‍ന്നുവീണ് അപകടമുണ്ടാകുന്നത്. സംഭവത്തില്‍ പരുക്കേറ്റ കുട്ടി 11 ദിവസം തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു. അങ്കണവാടികളുടെ സുരക്ഷാപരിശോധന നടത്തുന്നതില്‍ വീഴ്ച പറ്റിയെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്ന് വൈക്കം നഗരസഭാ ഐസിഡിഎസ് സൂപ്രണ്ടിനെ സസ്പെന്‍ഡ് ചെയ്തിരുന്നു.
2005-ലെ ബാലാവകാശ സംരക്ഷണ നിയമത്തിലെ 15-ാം വകുപ്പ് പ്രകാരമാണ് കമ്മീഷന് നടപടിയെടുത്തത്. കമ്മീഷന് അംഗങ്ങളായ പി ശ്യാമളാദേവി, സി വിജയകുമാര്‍ എന്നിവരടങ്ങിയ ഡിവിഷന് ബെഞ്ച് സ്വമേധയാ നടപടി സ്വീകരിക്കുകയായിരുന്നു. ഉത്തരവില്‍ സ്വീകരിച്ച റിപ്പോര്‍ട്ട് 60 ദിവസത്തിനുള്ളില്‍ ലഭ്യമാക്കണമെന്ന് വനിത ശിശു വികസന വകുപ്പ് സെക്രട്ടറിക്കും ഡയറക്ടര്‍ക്കും
കമ്മീഷന് നിര്‍ദേശം നല്കി. അങ്കണവാടികള്‍ക്ക് കെട്ടിടങ്ങള്‍ വാടകക്ക് എടുക്കുമ്പോള്‍ സുരക്ഷിതത്വം ഉറപ്പു വരുത്തണം. നിലവിലെ കെട്ടിടം സുരക്ഷിതമല്ലെങ്കില്‍ മറ്റൊരു കെട്ടിടം ഉടന്‍ കണ്ടെത്തി അവിടേക്ക് അങ്കണവാടികള്‍ മാറ്റി പ്രവര്‍ത്തിക്കണമെന്നും കമ്മീഷന് ഉത്തരവിട്ടു.
Discussion about this post