പയ്യോളി: സി പി എമ്മിലെ വിഭാഗീയത ചികിത്സാ സഹായ കമ്മിറ്റിയുടെ രൂപീകരണ യോഗത്തെ പ്രതിസന്ധിയിലാക്കി. വൃക്കകൾ തകർന്ന് രോഗാവസ്ഥയിലായ പയ്യോളിയിലെ ഓട്ടോ ഡ്രൈവറായ യുവാവിൻ്റെ ചികിത്സാ സഹായ കമ്മിറ്റി രൂപീകരണ യോഗത്തിൽ സി പി എം പ്രവർത്തകർ തമ്മിലുണ്ടായ വാക്കുതർക്കം കാരണമാണ്, യോഗം പൂർത്തിയാക്കാനാവാതെ അവസാനിപ്പിക്കേണ്ടി വന്നത്. സി പി എമ്മിലെ ബ്രാഞ്ച് നേതാവിനെ ഭാരവാഹിയായി പ്രഖ്യാപിച്ചതിനെതിരെയാണ്, സി പി എമ്മിലെ തന്നെ ഒരു വിഭാഗം ആളുകൾ ശക്തമായ പ്രതിഷേധവുമായി രംഗത്തു വന്നത്.
ഞായറാഴ്ച നെല്ല്യേരി മാണിക്കോത്ത് ചേർന്ന, ചികിത്സാ സഹായ കമ്മിറ്റിയുടെ രൂപീകരണ യോഗത്തിൽ ഇരുന്നൂറിലധികം നാട്ടുകാരാണ് പങ്കെടുത്തത്. യോഗനടപടികളിലേക്ക് കടന്ന് സഹായക്കമ്മിറ്റിയുടെ ഭാരവാഹി പാനൽ അവതരിപ്പിക്കപ്പെട്ടതോടെയാണ് തർക്കങ്ങൾ ഉടലെടുത്തത്. ചെയർമാനായി മുസ്ലിം ലീഗ് നേതാവും പയ്യോളി പഞ്ചായത്ത് മുൻ പ്രസിഡണ്ടുമായ മഠത്തിൽ അബ്ദുറഹിമാനെ ചെയർമാനായും, മുൻ നഗരസഭാംഗവും സി പി എം ബ്രാഞ്ച് സെക്രട്ടറിയുമായ കെ ടി ലിഖേഷിനെ ജന. കൺവീനറായും മുൻ നഗര സഭാംഗവും സി പി ഐ നേതാവുമായ ഷാഹുൽ ഹമീദിനെ ട്രഷററായുമുള്ള പാനലവതരിപ്പിച്ചു. ഇതോടെ, സ്ത്രീകളടക്കമുള്ള സി പി എമ്മിലെ ഒരു വിഭാഗം, ജനറൽ കൺവീനർ സ്ഥാനത്തേക്ക് നിർദ്ദേശിക്കപ്പെട്ടയാളെ അംഗീകരിക്കാൻ കഴിയില്ലെന്ന് അറിയിച്ചു. യോഗം ബഹളമയമായതോടെ, യോഗത്തിൽ ആദ്യവസാനം പങ്കെടുത്ത സി പി എം ഏരിയാക്കമ്മിറ്റി സെക്രട്ടറി എം പി ഷിബു, പാർട്ടിയുടെ പിന്തുണ കെ ടി ലിഖേഷിന് അനുകൂലമാണെന്ന് അറിയിച്ചു. പിന്നീടും ബഹളം തുടർന്നതോടെ 51 അംഗ എക്സിക്യൂട്ടീവ് കമ്മിറ്റി ഭാവി തീരുമാനമെടുക്കുമെന്ന് അറിയിച്ച് യോഗം അവസാനിപ്പിക്കുകയായിരുന്നു.
പയ്യോളി നഗരസഭ ചെയർമാൻ വടക്കയിൽ ഷഫീഖ് യോഗം ഉദ്ഘാടനം ചെയ്തു. മഠത്തിൽ അബ്ദുറഹിമാൻ അധ്യക്ഷത വഹിച്ചു. വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ പ്രസംഗിച്ചു. നഗരസഭാംഗം ഒ ചന്തു മാസ്റ്റർ സ്വാഗതം പറഞ്ഞു.
Discussion about this post