തിരുവനന്തപുരം: അടിയന്തരപ്രമേയ നോട്ടീസിന് മറുപടി നൽകുന്നതിനിടെ പ്രതിപക്ഷത്തെ രൂക്ഷമായി വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിൽ കോൺഗ്രസിന്റെ നിലനിൽപ്പിന് കാരണം എൽഡിഎഫാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.
‘രാജ്യത്തിന്റെ ഇടതുപക്ഷ മുഖങ്ങളായി കണ്ടിരുന്ന സംസ്ഥാനങ്ങളിൽ പ്രധാനപ്പെട്ടതായിരുന്നു ത്രിപുര. അവിടെ ബിജെപിയ്ക്ക് വലിയ തോതിൽ സ്വാധീനമുണ്ടായിരുന്നില്ല. എന്നാലവിടെ ഇടതുപക്ഷ മുന്നണിയെ തകർക്കാനുപയോഗിച്ചത് കോൺഗ്രസിനെയായിരുന്നു.
കോൺഗ്രസിനെ ഒന്നിച്ച് അങ്ങോട്ടുവാരി എൽഡിഎഫ് സർക്കാരിനെ താഴെയിറക്കാൻ നോക്കി. ഉള്ളതുപറയുമ്പോൾ കള്ളിയ്ക്ക് തുള്ളൽ എന്നുപറയുന്നതാണ് ഇവിടെ നടക്കുന്നത്. അങ്ങനെ ത്രിപുരയിലെ ഇടതുപക്ഷ സർക്കാർ ഇല്ലാതെയായി.
ഇവരുടെ സ്ഥിതിയോ? കോൺഗ്രസിനെ ഏത് നിമിഷത്തിലും എവിടേയ്ക്കും വാരാനാകുമെന്ന ഉത്തമബോദ്ധ്യം ബിജെപിയ്ക്കുണ്ട്. എന്നാൽ നിങ്ങളെ കൂട്ടത്തോടെ വാരിയാലും കേരളത്തിൽ എൽഡിഎഫിനെ തകർക്കാനാകില്ല.
നിങ്ങൾ ഇപ്പോൾ നിലനിൽക്കുന്നതിന് കാരണം ഞങ്ങളാണെന്ന് മനസിലാക്കണം. ഇവിടെ ബിജെപിയെ ചേർത്തുകൊണ്ട് എൽഡിഎഫിനെ തകർക്കാനാണ് ശ്രമിക്കുന്നത്. കേരളത്തിൽ ബിജെപിയ്ക്ക് കരുത്താർജിക്കാൻ കഴിയാത്തത് എൽഡിഎഫിന്റെ കരുത്തുകൊണ്ടാണ്.
അതിന് ഇവിടെ എൽഡിഎഫിനെ ദുർബലപ്പെടുത്തണം. അതാണ് ബിജെപിയുടെ മനമസിൽ. അതിന് ബിജെപിക്കൊപ്പം നിന്ന് സഹായിക്കുകയാണ് കോൺഗ്രസ് ചെയ്യുന്നത്’- മുഖ്യമന്ത്രി വിമർശിച്ചു.
Discussion about this post