മേപ്പയ്യൂർ: കീഴരിയൂർ ഗ്രാമ പഞ്ചായത്തിന്റെ വടക്ക് പടിഞ്ഞാറ് അതിർത്തിയിൽ സ്ഥിതിചെയ്യുന്ന ജലാശയമായ ചെറുപുഴയെ വീണ്ടെടുക്കാൻ സമഗ്ര പദ്ധതികൾ ആവിഷ്കരിച്ച് നടപ്പാക്കണമെന്ന് കീഴരിയൂർ തുമ്പ പരിസ്ഥിതി സമിതി ആവശ്യപ്പെട്ടു.ഇത് സംബന്ധിച്ച പഠന റിപ്പോർട്ട് പരിസ്ഥിതി സമിതി പ്രവർത്തകർ പഞ്ചായത്ത് അധികൃതർക്ക് സമർപ്പിച്ചു.
രണ്ട് കൈവഴികളുമായി അകലാപ്പുഴയോട് ചേർന്ന് ഒഴുകിയിരുന്ന ഈ ശുദ്ധജല തടാകം ഇന്ന് ഒഴുക്ക് നിലച്ച് ചളിയും പായലും കൈതോലച്ചെടികളും നിറഞ്ഞ് നിലനിൽപ് ഭീഷണിയിൽ ആണ്.നേരത്തെ മണൽ നിറഞ്ഞ അടിത്തട്ടോട് കൂടി തെളിനീർ ഒഴുകിയിരുന്ന ചെറുപുഴ മത്സ്യസമ്പത്തിനാലും സമൃദ്ധ മായിരുന്നു.പുഴയുടെ ഒരുഭാഗത്ത് നെൽകൃഷി വികസനത്തിനായി പഞ്ചായത്തിന്റെ നേതൃത്വത്തിൽ വിപുലമായ ശ്രമങ്ങൾ മുൻകാലങ്ങളിൽ നടത്തിയിട്ടുണ്ട്.എന്നാൽ പ്രതീക്ഷിച്ചത്ര ഉൽപ്പാദനം ഉണ്ടായിട്ടില്ല.സർക്കാരിന്റെ സഹായ പദ്ധതികൾ കൊണ്ടു മാത്രമാണ് കർഷകർ നഷ്ടമില്ലാതെ കൃഷി മുന്നോട്ട് കൊണ്ടുപോകുന്നത്.വെള്ളം കയറി കൃഷി നശിക്കുന്നതും പതിവാണ്.ഒരേ സമയം നെൽകൃഷി വികസനവും ശുദ്ധ ജല സംരക്ഷണവും വേണമെന്നാണ് ആവശ്യം.പഠന റിപ്പോർട്ടിലെ പ്രധാന നിർദ്ദേശങ്ങൾ
1) ചെറുപുഴയെ അകലാപ്പുഴയുമായി ബന്ധിപ്പിക്കുന്ന കൈവഴികളായ മുറിച്ചു നടക്കൽ,ചിറ്റടിത്തോട് എന്നിവിടങ്ങളിലെ മാലിന്യങ്ങൾ നീക്കം ചെയ്ത് ആഴവും വീതിയും വർധിപ്പിക്കുക.അകലാപ്പുഴയിലേ ക്കുള്ള നീരൊഴുക്ക് പഴയ പോലെ പുനസ്ഥാപിക്കുക.
2.മതുമ്മൽ ബണ്ടിന്റെ നടക്കൽ വരെ നീളുന്ന തെക്ക് ഭാഗം ശുദ്ധജല തടാകമായി നിലനിർത്തുക.ഇവിടത്തെ ചളിയും പായലും കാടുകളും നീക്കം ചെയ്യുക.സ്വകാര്യ വ്യക്തി മത്സ്യ കൃഷിക്ക് എന്ന പേരിൽ ഉണ്ടാക്കിയ വരമ്പും മതുമ്മൽ പാലം പണിത സമയത്ത് പുഴയിൽ നിക്ഷേപിക്കപ്പെട്ട മണ്ണും നീക്കം ചെയ്യുക.ഈ ശുദ്ധജല സംഭരണി ഭാവിയിൽ കീഴരിയൂരിന്റെ ജലാവശ്യങ്ങൾക്ക് ഉപയോഗപ്പെടുത്താൻ പാകത്തിൽ സമഗ്ര പദ്ധതിക്ക് രൂപം കൊടുക്കുക
3.പുഴയുടെ പല ഭാഗങ്ങളും കയ്യേറ്റത്തിന് വിധേയമായിട്ടുണ്ട്.റവന്യു രേഖകളുടെ അടിസ്ഥാനത്തിൽ റീസർവ്വേ നടത്തുക അതിരുകൾ പുനർനിർണ്ണയിച്ച് അരികുകളിൽ കണ്ടൽക്കാട് വെച്ചു പിടിപ്പിക്കുക.
4.മതുമ്മൽ ബണ്ടിനോട് ചേർന്ന് നിർമ്മിച്ച പാലം അപകടാവസ്ഥയിൽ ആണ്.അത് വി സി ബി സൗകര്യത്തോടെ വീതി കൂട്ടി പുതുക്കി പണിയുക.
5.മുപ്പത് ഹെക്ടർ സ്ഥലത്ത് ഏങ്കിലും നെൽകൃഷി വ്യാപിപ്പിക്കുക.ചെറുപുഴ പാട ശേഖരത്തിന്റെ ഇരു വശത്തും ചെറുകൈത്തോട് നിർമ്മിച്ച് ജല ലഭ്യത ഉറപ്പാക്കണം എന്ന കർഷകരുടെ നിർദ്ദേശം പരിഗണിച്ച് സാധ്യമായവ ചെയ്യുക.പാടത്തിന്റെ മധ്യഭാഗത്ത് പണിത കനാലിൽ ശുദ്ധജല മത്സ്യ കൃഷി ആരംഭിക്കാനുള്ള സാധ്യതകൾ പരിശോധിക്കുക.
പഠന സംഘത്തിന് സായ് പ്രകാശ് എൻ കെ, ദിനീഷ് ബേബി കബനി, യു ശ്രീനിവാസൻ, കെ എം സുരേഷ് ബാബു, തെക്കേ മതുമ്മൽ സതീശൻ, സി പി സംഗീത നേതൃത്വം നൽകി.
ലേഖകൻ: മുജീബ് കോമത്ത്
Discussion about this post