പയ്യോളി: ചെരണ്ടത്തൂർ ചിറയിൽ കർഷകർ ആശാങ്കകളോടെയാണ് ഇപ്രാവശ്യം കൃഷി ആരംഭിച്ചത്. കൃഷിക്ക് അനുവദിക്കപ്പെട്ട പുതിയ മോട്ടോർ സ്ഥാപിക്കുമെന്ന് പറഞ്ഞെങ്കിലും പഴയത് റിപ്പയർ ചെയ്താണ് ഇക്കുറിയും ചിറയിലെ വെള്ളക്കെട്ട് നീക്കം ചെയ്യുന്നത്. നടുത്തോട്ടിലേക്ക്, ഇലക്ട്രിക് മോട്ടോർ അറ്റകുറ്റപണി ചെയ്ത് വെള്ളം അടിക്കുന്നുണ്ടെങ്കിലും തോട്ടിൽ നിന്നും തിരിച്ച് കൃഷിപ്പാടത്തേക്ക് വെള്ളമടിക്കാൻ ഇപ്പോഴും കഴിയുന്നില്ല. കുറ്റ്യാടിക്കനാലിലൂടെ വെള്ളം ചിറയിലേക്ക് ഒഴുക്കിവിട്ടാൽ ആശ്വാസമായിരുന്നു.

ഒരു വിഭാഗം കർഷകർക്ക് വില്ലേജിൽ നിന്നും കൃത്യമായ നികുതി ശീട്ടോ കൈവശ സർട്ടിഫിക്കറ്റോ കിട്ടാത്തതിനാൽ വിള ഇൻഷുറൻസ് ചെയ്യാൻ ചെയ്യാൻ കഴിയാത്ത അവസ്ഥയുണ്ട്. കൃഷി നശിച്ചു പോയാൽ ഒരു നഷ്ടപരിഹാരവും കിട്ടാത്ത സ്ഥിതിയുമാണ്. കഴിഞ്ഞ തവണ പത്ത് ഏക്കറിൽ കൃഷി ഇറക്കിയ കതിർ നെൽകൃഷിക്കൂട്ടത്തിന് ഒന്നര ലക്ഷം രൂപ നഷ്ടം സംഭവിച്ചിരുന്നു. മന്തരത്തൂർ സഹകരണ ബാങ്കിൽ നിന്നും 2 ലക്ഷം രൂപ വായ്പ എടുത്താണ് കൃഷി തുടങ്ങിയത്. ബാങ്കിൽ കുടിശ്ശിക ഉള്ളതിനാൽ ലോൺ പുതുക്കി നൽകാൻ ബാങ്ക് സെക്രട്ടറി തയ്യാറാവുന്നില്ല. അടവ് തെറ്റിയതിനാൽ വലിയ തുക പലിശ നൽകേണ്ടിവരുമെന്ന ആശങ്കയിലാണ് കർഷക കൂട്ടായ്മ.

കൃഷി ഇറക്കിയ മുഴുവൻ സ്ഥലത്തെയും നെൽകൃഷിക്ക് കാലാവസ്ഥ ചതിച്ചാൽ നഷ്ടപരിഹാരം നൽകാൻ സംവിധാനം ഉണ്ടാകണമെന്ന് എളമ്പിലാട് കതിർ നെൽകൃഷിക്കൂട്ടം കമ്മറ്റി യോഗം ആവശ്യപ്പെട്ടു. എം സേതുമാധവൻ അധ്യക്ഷത വഹിച്ചു. സേതുമാധവക്കുറുപ്പ്, ചെയർമാൻ യൂസഫ് എളമ്പിലാട്, രാഘവൻ തുരുത്യോൽ, പത്മനാഭൻ എന്നിവർ പ്രസംഗിച്ചു.
റിപ്പോർട്ട്: ഖാലിദ് പയ്യോളി





































Discussion about this post