കൊയിലാണ്ടി: ഗുരു ചേമഞ്ചേരിയുടെ ഒന്നാം ചരമ വാർഷിക പരിപാടികളുടെ -ഓർമ്മ 2022 ൻ്റെ ഭാഗമായി പത്ത് ദിവസങ്ങളിലായി ചേലിയ കഥകളി വിദ്യാലയത്തിൽ നടന്നുവന്ന കഥകളി പഠന ശിബിരം രണ്ടു ദിവസത്തെ കലോത്സവത്തോടെ സമാപിച്ചു.
കലോത്സവത്തിൽ ഡോ. ജഗദീപ് ദിനേശ്, സുമേധ ജഗദീപ് എന്നിവർ അവതരിപ്പിച്ച കേരള നടനം, ദ്വിവത്സര കോഴ്സ് വിദ്യാർത്ഥികളുടെ പുറപ്പാട് (അരങ്ങേറ്റം), മേളപ്പദം, തായമ്പക എന്നിവ അരങ്ങേറി.

ശിബിരത്തിൽ ഈ വർഷം പുതിയതായി ഉൾപ്പെടുത്തിയ ഓട്ടൻ തുള്ളൽ അവതരണം ശ്രദ്ധേയമായി. പ്രഭാകരൻ പുന്നശ്ശേരിയുടെ ശിക്ഷണത്തിൽ മൂന്ന് പ്രതിഭകൾ മൂന്ന് വ്യത്യസ്ത കഥകൾ (കല്യാണ സൗഗന്ധികം, രാമാനുചരിതം, കിരാതം) ഒരേ സമയം വേദിയിലവതരിപ്പിച്ചത് നവ്യാനുഭവമായി. എ എസ് ആദർശ്, ജഗദീപ് ദിനേശ്, ആർദ്ര പ്രേം തുടങ്ങിയവർ വേഷമിട്ട നളചരിതം ഒന്നാം ദിവസം കഥകളി വേറിട്ട അനുഭവമായി.
40 വിദ്യാർത്ഥികളാണ് ഇത്തവണ ശിബിരത്തിൽ പരിശീലനം നേടിയത്.

സമാപന സമ്മേളനം കോഴിക്കോട് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എം പി ശിവാനന്ദൻ ഉദ്ഘാടനം ചെയ്തു. ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷീബ മലയിൽ, പ്രശസ്ത ചെണ്ട കലാകാരൻ കലാമണ്ഡലം ബലരാമൻ, കഥകളി വിദ്യാലയം പ്രസിഡണ്ട്
ഡോ.എൻ വി സദാനന്ദൻ, സെക്രട്ടറി സന്തോഷ് കുമാർ, ജി പ്രശോഭ്, ജയൻമാസ്റ്റർ, പ്രിൻസിപ്പൽ കലാമണ്ഡലം പ്രേം കുമാർ പ്രസംഗിച്ചു.
Discussion about this post