കൊയിലാണ്ടി: ഓത്തുപുരക്ക് നൂറു വയസ്. ഓത്തുപുരയിൽ നിന്നും 1925 ൽ ആദ്യാക്ഷരത്തിൻ്റെ മധുരം നുണഞ്ഞവരിൽ പലരും ഇന്ന് കൺവെട്ടത്തിലില്ല. എങ്കിലും അവരുടെ ദീപ്തമായ ഓർമകൾ അയവിറക്കി കുറുവങ്ങാട് ഗ്രാമം തങ്ങളുടെ
പ്രിയ വിദ്യലയത്തിൻ്റെ നൂറാം വാർഷികം ആഘോഷിക്കുന്നു.
കുറുവങ്ങാട് പ്രദേശത്ത് 1925 ലാണ് ഓത്തുപുരയായി വിദ്യാലയത്തിന് തുടക്കമായത്. അവർണർക്കും ന്യൂനപക്ഷ വിഭാഗത്തിനും വിദ്യാഭ്യാസം അപ്രാപ്യമായിരുന്ന കാലത്ത് ‘ഓത്തുപുര ‘ക്ക് നേതൃത്വം നൽകിയത് പ്രദേശത്തെ ന്യൂനപക്ഷ വിഭാഗത്തിലെ കുറച്ച് പേരായിരുന്നു.
ഇതു പിന്നീട് ചനിയേരി മാപ്പിള എൽ പി സ്കൂളായി വളർന്നു. 28 വിദ്യാർഥികളും 2 അധ്യാപകരുമായാണ് ഓത്തുപുരയുടെ തുടക്കം. കെ ഹസ്സൻ മുസ്ലിയാറായിരുന്നു മാനേജരും ആദ്യ പ്രധാനാധ്യാപകനും.
1962 ൽ എത്തുമ്പോഴേക്കും 8 അധ്യാപകരും 100 ലധികം വിദ്യാർഥികളുമായി വളർന്ന വിദ്യാലയം കുറുവങ്ങാടിൻ്റെ ചരിത്രത്തിലും വർത്തമാനത്തിലും ഇടം പിടിച്ചു.
ആ പാരമ്പര്യം മുറുകെ പിടിച്ച് ഇന്നും ഈ വിദ്യാലയം പാഠ്യ -പാഠ്യേതര രംഗങ്ങളിൽ മികവ് പുലർത്തുന്നു. എൽ കെ ജി മുതൽ നാലാം ക്ലാസ്സുവരെ 8 അധ്യാപകരും 100 ലധികം വിദ്യാർഥികളും ഈ വിദ്യാലയത്തിന് സ്വന്തമാണ്.
ചനിയേരി മാപ്പിള എൽ പി സ്കൂൾ ഇപ്പോൾ ശതാബ്ദിയുടെ നിറവിലാണ്.
.പൊതുവിദ്യാഭ്യാസ സംരക്ഷണത്തിൻ്റെ ഭാഗമായി പൊതു വിദ്യാലയങ്ങൾ മികവിൻ്റെ കേന്ദ്രങ്ങളായി മാറികൊണ്ടിരിക്കുമ്പോൾ അതിലൊരു
കണ്ണിയാവാൻ ചനിയേരി മാപ്പിള എൽ പി സ്കൂളിനും കഴിഞ്ഞിട്ടുണ്ടെന്ന് സ്കൂളധികൃതർ അവകാശപ്പെടുന്നു.
നൂറാം വാർഷികാഘോഷം നാടിൻ്റെ ഉത്സവമാക്കാൻ കുറുവങ്ങാട് ഗ്രാമം ഒരുങ്ങി കഴിഞ്ഞു. ജനുവരി 17,18
തിയ്യതികളിൽ നടക്കുന്ന 100 -ാം വാർഷികാഘോഷത്തിൽ സാമൂഹ്യ രാഷ്ട്രീയ സാംസ്ക്കാരിക രംഗങ്ങളിലെ പ്രമുഖ വ്യക്തിത്വങ്ങൾ സംബന്ധിക്കും. വിവിധ കലാപരിപാടികളും അരങ്ങേറും.
Discussion about this post