പയ്യോളി: നഗരസഭ കുടുംബശ്രീ ചെയർപേഴ്സണെ അയോഗ്യയാക്കാൻ സാധ്യത. സി ഡി എസ് ചെയർപേഴ്സണായി തിരഞ്ഞെടുക്കപ്പെട്ട എൻ കെ റീത്തയ്ക്കാണ് തിരഞ്ഞെടുക്കപ്പെട്ട് രണ്ടാഴ്ചക്കുള്ളിൽ പുറത്ത് പോവേണ്ടി വരുന്നത്. അതേ സമയം തിരഞ്ഞെടുപ്പ് കമ്മീഷൻ അയോഗ്യത കൽപിക്കുന്നതിന് മുമ്പേ രാജിവെച്ചൊഴിയാനാണ് പാർട്ടിയുടെ നിർദ്ദേശമെന്നറിയുന്നു.
ഏറെ വിവാദമായിരുന്ന നഗരസഭ കുടുംബശ്രീ ചെയർപേഴ്സൺ തിരഞ്ഞെടുപ്പാണ് അസാധുവാകുന്നത്. വരണാധികാരിക്ക് സത്യവാങ്മൂലത്തോടൊപ്പം സമർപ്പിച്ച രേഖകളിലെ കൃത്രിമമാണ് ചെയർപേഴ്സണെ അയോഗ്യയാക്കുന്നതിന് കാരണമായി അറിയുന്നത്. ഇതു സംബന്ധിച്ച് നഗരസഭാ സി ഡി എസ് അംഗങ്ങളായ പുത്തൻ മരച്ചാലിൽ രാധയും എൻ സി സവിതയും വരണാധികാരിക്ക് നൽകിയ പരാതിയിലാണ് നടപടി.

കുടുംബശ്രീ തിരഞ്ഞെടുപ്പ് ചട്ടമനുസരിച്ച് നഗരസഭയിലെ 15-ാം ഡിവിഷൻ, ബി പി എൽ വിഭാഗത്തിനായി സംവരണം ചെയ്യപ്പെട്ടതായിരുന്നു. എന്നാൽ എ പി എൽ വിഭാഗത്തിൽ പെട്ട റീത്ത സി ഡി എസിലേക്ക് എത്തുകയും തിരഞ്ഞെടുപ്പിൽ മത്സരിക്കുകയും ചെയ്തു. ഇത് 2009 ലെ ബി പി എൽ സർട്ടിഫിക്കറ്റ് ഹാജരാക്കിയായിരുന്നു എന്നാണ് പരാതി. ഈ പരാതിയിലാണ് അയോഗ്യത സംബന്ധിച്ച ഉത്തരവ് ഇന്ന് വരാനിരിക്കുന്നത്. ഹാജരാക്കിയ രേഖകളുടെ ആധികാരികത കമ്മീഷനെ ഹിയറിങ്ങിൽ ബോധ്യപ്പെടുത്താൻ റീത്തയ്ക്ക് കഴിഞ്ഞിട്ടില്ലെന്നാണ് ലഭ്യമായ വിവരം. അതു കൊണ്ട് തന്നെ കമ്മീഷൻ ഉത്തരവ് ഇന്നുച്ചയ്ക്ക് ഇറങ്ങുന്നതിന് മുമ്പേ തന്നെ രാജിവെച്ച് മാനം കാക്കാനാണ് നീക്കം.
ജനുവരി 26 നായിരുന്നു പയ്യോളി നഗരസഭ കുടുംബശ്രീ സി ഡി എസ് തിരഞ്ഞെടുപ്പ് പൂർത്തിയായത്. തിരഞ്ഞെടുപ്പിൽ എ ഡി എസിലും അതുവഴി സി ഡി എസിൽ 30 ഓളം അംഗങ്ങളുടെ വ്യക്തമായ ഭൂരിപക്ഷവും ഇടതുപക്ഷം ഉറപ്പിച്ചു. 36 ൽ 30 വോട്ടുകൾ നേടിയാണ് റീത്ത ചെയർപേഴ്സണായി തിരഞ്ഞെടുക്കപ്പെട്ടത്.

തിരഞ്ഞെടുപ്പ് കമ്മീഷൻ്റെ ഉത്തരവ് എതിരാകുമെന്ന് തന്നെയാണ് കരുതുന്നത്. അയോഗ്യത കൽപിക്കപ്പെടുന്നത് ദോഷം ചെയ്യുമെന്നും അതിന് മുമ്പായി രാജിവെച്ചൊഴിയാനുമാണ് തീരുമാനം. അതേസമയം, ചെയർപേഴ്സൺ സ്ഥാനത്തോടൊപ്പം സി ഡി എസ് അംഗത്വത്തിലും അയോഗ്യത കൽപ്പിക്കപ്പെടും.
നേരത്തേ, കോൺഗ്രസ്സിൻ്റെ സജീവ പ്രവർത്തകയായിരുന്ന എൻ കെ റീത്ത അടുത്ത കാലത്താണ് സി പി എമ്മിലേക്ക് ചേക്കേറിയത്. അവരുടെ പ്രവർത്തന വൈദഗ്ധ്യം ആണ്, ഏറെ പ്രവർത്തന പരിചയമുള്ള സി പി എം പ്രവർത്തകർ കുടുംബശ്രീയിൽ ഉണ്ടായിട്ടുപോലും വളരെ പെട്ടെന്ന് തന്നെ സി ഡി എസ് ചെയർപേഴ്സൺ പോലുള്ള ഉന്നത സ്ഥാനത്ത് എത്തിച്ചേരാൻ കഴിഞ്ഞതിനുള്ള കാരണം. ഇത് പാർട്ടിയിലെ തന്നെ ഒരു വിഭാഗത്തിന് അത്ര രസിച്ചിരുന്നില്ല.




































Discussion about this post