കോഴിക്കോട്: കോഴിക്കോട് കോർപ്പറേഷൻ കൗൺസിൽ യോഗത്തിന് ശേഷമുണ്ടായ സംഘർഷത്തിൽ എൽഡിഎഫ്-യുഡിഎഫ് പ്രവർത്തകർക്കെതിരെ കേസെടുത്തു. 25 എൽഡിഎഫ് പ്രവർത്തകർക്കും 12 യുഡിഎഫ് പ്രവർത്തകർക്കുമെതിരെയാണ് കേസ്. അന്യായമായി സംഘം ചേർന്നതിനും കൗൺസിലർമാരെ തടഞ്ഞു നിർത്തിയതിനുമാണ് ടൗൺ പൊലീസ് ഇവർക്കെതിരെ കേസ് എടുത്തിരിക്കുന്നത്.ശനിയാഴ്ച ചേർന്ന കോർപ്പറേഷൻ
കൗൺസിൽ യോഗത്തിൽ പഞ്ചാബ് നാഷണൽ ബാങ്ക് കേസ്, അടിയന്തര പ്രമേയമായി ചർച്ച ചെയ്യണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. ഇതിന് മേയർ അനുമതി നിഷേധിച്ചതാണ് പ്രശ്നങ്ങൾക്ക് വഴിവെച്ചത്. തുടർന്ന് പുറത്തുനിന്ന് വന്ന എൽഡിഎഫ്- യുഡിഎഫ് പ്രവർത്തകരും കൗൺസിൽമാരും തമ്മിൽ വാക്കേറ്റമുണ്ടായി. പിന്നീട് അത് സംഘർഷത്തിലേക്ക് മാറുകയായിരുന്നു. വാർത്ത റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമപ്രവർത്തകരെയും എൽഡിഎഫ് പ്രവർത്തകർ കൈയ്യേറ്റം ചെയ്തു.ഈ
സംഭവത്തിലാണിപ്പോൾ, ടൗൺ പൊലീസ് കേസ് എടുത്തിരിക്കുന്നത്. കോർപ്പറേഷൻ ഹാളിൽ അന്യായമായി സംഘം ചേർന്നതിനും കൗൺസിലർമാരെ തടഞ്ഞു നിർത്തിയെന്നുമാണ് ഇവർക്കെതിരെയുള്ള കുറ്റം. അതിനിടെ, യുഡിഎഫ് കൗൺസിലർമാരെ മർദ്ദിച്ച എൽഡിഎഫ് കൗൺസിലർമാർക്കെതിരെ നടപടി വേണമെന്നാവശ്യപ്പെട്ട് ഡിസിസി പ്രസിഡന്റ് കെ പ്രവീൺ കുമാറിന്റെ നേതൃത്വത്തിൽ കോർപ്പറേഷന് മുന്നിൽ യുഡിഎഫ് പ്രവർത്തകർ പ്രതിഷേധിച്ചു.
Discussion about this post