
കൊച്ചി: സ്ത്രീത്വത്തെ അപമാനിച്ചെന്ന കേസിൽ നടൻ ഉണ്ണി മുകുന്ദന് എതിരായ തുടർ നടപടികൾക്ക് ഹൈക്കോടതി സ്റ്റേ. കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഉണ്ണി മുകുന്ദൻ നൽകിയ ഹർജിയിലാണ് നടപടി. പരാതിക്കാരിയുമായി ഒത്തുതീർപ്പായെന്ന് ഉണ്ണി മുകുന്ദൻ കോടതിയെ അറിയിക്കുകയായിരുന്നു.
2017 ലാണ് കേസിന് ആസ്പപദമായ സംഭവം. സിനിമാ ചർച്ചയ്ക്ക് ഉണ്ണി മുകുന്ദനെ കാണാനെത്തിയപ്പോൾ ലൈംഗികമായി ആക്രമിക്കുക, സ്ത്രീത്വത്തെ അപമാനിക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെ മോശമായി പെരുമാറിയെന്നാണു കോട്ടയം സ്വദേശിനിയായ യുവതിയുടെ പരാതി. കേസിൽ എറണാകുളം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതി പരാതിക്കാരിയുടെ രഹസ്യമൊഴി രേഖപ്പെടുത്തിയിരുന്നു. വിചാരണ പുരോഗമിക്കുന്നതിനിടെയാണു കേസ് റദ്ദാക്കാൻ ഉണ്ണി മുകുന്ദൻ ഹൈക്കോടതിയെ സമീപിച്ചത്.

കേസുമായി മുന്നോട്ടു പോകാൻ താൽപര്യമില്ലെന്നു പരാതിക്കാരി അറിയിച്ചിട്ടുണ്ടെന്നു നടന്റെ അഭിഭാഷകൻ വിശദീകരിച്ചതിനെത്തുടർന്ന് ഹൈക്കോടതി 2021 മേയ് 7നു വിചാരണ നടപടികൾ 2 മാസത്തേക്കു സ്റ്റേ ചെയ്തിരുന്നു. പിന്നീട് 2022 ഓഗസ്റ്റ് 22 നു കേസ് ഒത്തുതീർപ്പായെന്നു നടന്റെ അഭിഭാഷകൻ അറിയിച്ചു. തുടർ നടപടിക്കു കേസ് ഓണം അവധിക്കുശേഷം പരിഗണിക്കുമെന്നു വ്യക്തമാക്കി അന്നു സ്റ്റേ നീട്ടുകയും ചെയ്തു. സ്റ്റേ പിന്നീടു പലതവണ നീട്ടി.
തുടർന്ന്, ഈ വർഷം ഫെബ്രുവരിയിൽ വീണ്ടും കേസ് വന്നപ്പോൾ താൻ ഒത്തുതീർപ്പു കരാറിൽ ഒപ്പിട്ടിട്ടില്ലെന്നും രേഖ വ്യാജമാണെന്നുമാണ് പരാതിക്കാരി അറിയിച്ചത്. തുടർന്ന് കേസ് റദ്ദാക്കണമെന്ന നടന്റെ ഹർജി കഴിഞ്ഞ മാസം തള്ളിയിരുന്നു. ഇപ്പോൾ വീണ്ടും പരാതിക്കാരിയുമായി ഒത്തുതീർപ്പായെന്ന് അറിയിച്ചതോടെ കേസിന്റെ തുടർ നടപടികൾ വീണ്ടും സ്റ്റേ ചെയ്യുകയായിരുന്നു.

Discussion about this post