നാദാപുരം: കാറിലെത്തി യുവാവിനെ വെട്ടി പരിക്കേൽപ്പിച്ച സംഭവത്തിൽ മൂന്നു പേർ കൂടി അറസ്റ്റിലായി. വാണിമേൽ നിടുമ്പറമ്പിലെ കമ്പളങ്ങാട്ട് പറമ്പത്ത് സജീവൻ എന്ന സജി പൂക്കോടൻ (43), തേറമ്പത്ത് ഹരീഷ് (38), വാണിമേൽ കാപ്പുമ്മൽ ആലയുള്ള പറമ്പത്ത് റിൻസൺ (36) എന്നിവരെയാണ് വളയം പോലീസ് അറസ്റ്റ് ചെയ്തത്.സംഭവവുമായി ബന്ധപ്പെട്ട് വാണിമേൽ കിടഞ്ഞോത്ത് മുക്ക് പുത്തലത്തറേമ്മൽ പി ടി രജീഷിനെ (32) നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.
ഏപ്രിൽ 14 ന് വൈകുന്നേരം മലയങ്ങാട് സ്വദേശി ചക്കാലക്കൽ ജിജോ തോമസിനെ (33) വെട്ടി പരിക്കേൽപ്പിച്ച കേസിലാണ് പ്രതികൾ അറസ്റ്റിലായത്. ഇവർ അക്രമത്തിനെത്തിയ കെ എൽ 18 ഡി 7299 നമ്പർ കാർ വളയം പോലീസ് നേരത്തേ കസ്റ്റഡിയിലെടുത്തിരുന്നു. നാലു പേർക്കെതിരെയാണ് വളയം പോലീസ് വധ ശ്രമത്തിനു കേസെടുത്തത്.
സജി പൂക്കോടനും ജിജോ തോമസിന്റെ സഹോദരൻ ജോജി തോമസുമായി നിലനിന്നിരുന്ന വ്യക്തി വൈരാഗ്യമാണ് സംഘം ചേർന്നുള്ള അക്രമത്തിൽ കലാശിച്ചതെന്ന് പോലീസ് പറഞ്ഞു. ഈകേസിൽ അറസ്റ്റിലായ റിൻസൺ 2015 ൽ കുറ്റ്യാടിയിൽ എൻ ഡി എഫ് പ്രവർത്തകൻ റിയാസിനെ അപായപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതിയാണെന്നും പോലീസ് പറഞ്ഞു.
Discussion about this post