ക്ലോസ് ദ് കെയർ ഗ്യാപ്’ എന്ന 2022ലെ ലോക ക്യാൻസർ ദിന ആപ്തവാക്യത്തിന്റെ മലയാള തർജിമയായി ഈ ശീർഷകത്തെ കരുതാം. ക്യാൻസർ എന്ന മാരകരോഗത്തിന്റെ വ്യാപ്തി കുറച്ച് കൂടുതൽ ആളുകളെ ചികിത്സിച്ചു ഭേദമാക്കുക എന്ന ലക്ഷ്യത്തോടെയുള്ള തുടർപ്രവർത്തനങ്ങളിൽ വളരെ ശക്തമായ ഒരു മുദ്രാവാക്യമായി ഇതിനെ കാണുക തന്നെ വേണം.
പൊതുജനത്തിന് ക്യാൻസർ എന്ന പദം ഇന്ന് ഒരുപുതുമയല്ല. ജീവിതശൈലിയിലെ മാറ്റങ്ങളും വർധിക്കുന്ന ആയുർദൈർഘ്യവും നിമിത്തം എല്ലാ കുടുംബങ്ങളിലും ഇന്ന് ഈ രോഗം വിരുന്നെത്തി കഴിഞ്ഞു. മുൻവർഷങ്ങളിൽ “ഐ ആം എൈ വിൽ’ എന്നായിരുന്നു ലോക ക്യാൻസർ ദിനത്തിന്റെ മുദ്രാവാക്യം. ഓരോരുത്തർക്കും അതായത് വ്യക്തി, സമൂഹം സംഘടനകൾ എന്നീ “ഐ’കളിലൂടെ ക്യാൻസറിനെതിരെ ശക്തമായ ചലനങ്ങൾ സൃഷ്ടിക്കാൻ ശ്രമിക്കാം എന്ന പ്രതിജ്ഞയായി ഈ പദം മാറി. ഇതിൽ നിന്നും ഒരു പടികൂടി മുന്നിലാണ് “ക്ലോസ് മി കെയർ ഗ്യാപ്.
ഭയവും സംശയവും വേണ്ട
ക്യാൻസർ പരിശോധനകൾ, ചികിത്സകൾ (സർജറി, കിമോതെറാപ്പി റേഡിയേഷൻ) എന്നിവയിലെല്ലാം ഈ “അന്തരം’ അഥവാ “കെയർ ഗ്യാപ്’ പ്രതിഫലിക്കുന്നുണ്ട്. ക്യാൻസർ പ്രാരംഭദശയിൽ കണ്ടെത്തുവാൻ സഹായിക്കുന്ന മാമ്മോഗ്രാം, പാപ് സ്മിയർ, കോളനോസ്കോപി എന്നിവ കൃത്യമായ കാലയളവുകളിൽ നടത്തുവാൻ ഭൂരിപക്ഷം ആൾക്കാർക്കും സാധിക്കുന്നില്ല. സാമ്പത്തികമായ കാരണങ്ങൾക്കപ്പുറം ഈ പരിശോധനകൾ ആരെല്ലാം ചെയ്യണം, ഏതു പ്രായത്തിൽ, എത്രപ്രാവശ്യം എവിടെ എന്നിവ മനസിലാക്കാത്തതാണ് പ്രധാന പ്രശ്നം. ഇനിയെങ്ങാനും ക്യാൻസർ കണ്ടെത്തിയാലോ എന്ന അടിസ്ഥാനരഹിതമായ ഭയം കൂടിയാകുമ്പോൾ സമൂഹത്തിന് നഷ്ടമാകുന്നത് വിലപ്പെട്ട മനുഷ്യജീവനുകളാണ്. ഈ സംശയങ്ങൾ ദൂരികരിച്ച് അർഹമായ എല്ലാവരെയും സ്ക്രീനിങ് പരിശോധനകൾക്ക് വിധേയരാക്കുന്നതിലും കെയർ ഗ്യാപ് കുറയ്ക്കുന്നതിനുമുള്ള പ്രവർത്തനങ്ങൾക്ക് തുടക്കമാകുന്നു.
അടുത്തുണ്ട് ആശ്വാസം
രക്തസ്രാവം, വിട്ടുമാറാത്ത ചുമ, പനി, അകാരണമായി തൂക്കം കുറയുന്നത്, കഠിനമായ വേദനകൾ, മുഴകൾ എന്നീ ലക്ഷണങ്ങൾ കണ്ടാലും രോഗികൾ ഡോക്ടറുടെ അടുത്ത് എത്തുവാൻ വൈകുന്നുണ്ട്. കൊവിഡ്-19 മൂലം ആശുപത്രികളിൽ പോകുവാനുള്ള ഭയം കൂടി ചേർന്നപ്പോൾ ഒന്നാം ഘട്ടത്തിൽ കണ്ടെത്താമായിരുന്ന പല ക്യാൻസറുകളും നിർവിഘ്നം വളർന്ന് നാലാം ഘട്ടത്തിൽ എത്തുന്നത് വളരെ ദുഃഖകരമായ ഒന്നാണ്. ടെലിമെഡിസിൻ, ഫോണിലൂടെയുള്ള പരിശോധന എന്നിവയും കൂടുതലായി ഉപയോഗപ്പെടുത്തുന്നതിലൂടെ അപകട ലക്ഷണങ്ങൾ ഉള്ള രോഗികൾക്ക് കൃത്യമായ മാർഗനിർദേശം നൽകുവാൻ സാധിക്കും. ആവശ്യമായ മുൻകരുതലുകൾ പാലിച്ചുകൊണ്ട് ക്യാൻസർ നിർണയത്തിന് ആവശ്യമായ സ്കാനുകൾ, ബയോപ്സി തുടങ്ങിയ പരിശോധനകൾ ഏറ്റവും അടുത്ത ആശുപത്രിയിൽ നടത്തുവാൻ സാധിച്ചാൽ പ്രധാനപ്പെട്ട മറ്റൊരു അന്തരം കൂടി തരണം ചെയ്യാം.
ചികിത്സാ സൗകര്യം എല്ലാവർക്കും ഒരുപോലെ പ്രാപ്യമല്ല എന്നത് മറ്റൊരു തെറ്റിദ്ധാരണയാണ്. കഴിഞ്ഞ രണ്ടുദശാബ്ദങ്ങളായി കേരളത്തിൽ എല്ലാ ജില്ലകളിലും ക്യാൻസർ ആശുപത്രികൾ ആരംഭിച്ചിട്ടുണ്ട്. മഹാനഗരങ്ങളിൽ ഒന്നിലധികം സമഗ്രക്യാൻസർ ചികിത്സാ കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നുണ്ട്. നവീന ശസ്ത്രക്രിയ രീതികൾ, ഇമ്മ്യൂണോ തെറാപ്പി, മജ്ജ മാറ്റിവയ്ക്കൽ എന്നിവ ഉൾപ്പെടുന്ന കീമോതെറാപ്പി ചികിത്സകൾ, പാർശ്വഫലങ്ങൾ കുറഞ്ഞ ഐഎംആർടി, എസ്ബിആർടി റേഡിയേഷൻ രീതികൾ എന്നിവ സർക്കാർ-സ്വകാര്യ ആശുപത്രികളിൽ സർവ സാധാരണമായി ലഭ്യമാണ്. വിദേശങ്ങളിൽ നടത്തുന്ന അതേ രീതിയിലുള്ള പ്രോട്ടോക്കോൾ ചികിത്സാരീതികൾ കേരളത്തിലും നടക്കുന്നു.
കേരളത്തിൽ മികച്ച സൗകര്യങ്ങൾ
സ്വകാര്യതയ്ക്കായാണ് തങ്ങൾ വിദേശങ്ങളിൽ പോകുന്നതെന്നും കേരളത്തിലെ ക്യാൻസർ ചികിത്സ ലോകോത്തര നിലവാരത്തിലുള്ളതാണന്നും രാഷ്ട്രിയ-സാമൂഹ്യ-സാംസ്കാരിക രംഗങ്ങളിലെ പ്രഗത്ഭർ തന്നെ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. അപൂർവമായി മാത്രം ഉപയോഗിക്കുന്നതും പലപ്പോഴും പൂർണ രോഗസൗഖ്യം ഉറപ്പിക്കുവാൻ സാധിക്കാത്തതുമായ ചില വിലകൂടിയ മരുന്നുകൾ ഉണ്ട്. എങ്കിലും ക്യുറേറ്റീവായ ഏതു ചികിത്സയും ഇന്ന് ഭൂരിപക്ഷം രോഗികൾക്കു നിഷേധിക്കപ്പെടുന്നില്ല എന്ന് നിസംശയം പറയാം. ഒരുപക്ഷെ ക്ലിനിക്കൽ ട്രയലിലൂടെ പുതിയ മരുന്നുകൾ കൂടി രോഗികൾക്ക് നൽകുവാൻ സാധിച്ചാൽ ഈ മേഖലയിലെ അന്തരം കൂടി ഇല്ലാതാക്കുവാൻ കഴിയും.
രോഗിയും കുടുംബവും
ശരീരത്തിന് നൽകുന്ന ചികിത്സപോലെ തന്നെ പ്രധാനപ്പെട്ടതാണ് രോഗിയുടെ കുടുംബത്തിനു നൽകുന്ന പിന്തുണയും. പലതരം കുടുംബങ്ങളെ കാണാറുണ്ട്. മിക്കവരും ക്യാൻസർ എന്നു കേൾക്കുമ്പോൾതന്നെ പകച്ച് ഭയന്ന് സംസാരിക്കുവാൻ പോലും സന്നദ്ധരല്ലാതെയാണ് ആദ്യം വരിക. ക്രമേണ കാര്യങ്ങൾ പറഞ്ഞ് മനസിലാക്കി ചികിത്സയിലൂടെ മുന്നേറുമ്പോൾ അവർക്ക് സമാധാനമാകും. സോഷ്യൽ വർക്കർ, ഫിസിയോളജിസ്റ്റ് എന്നിവരുടെ കൗൺസലിങ്ങും ചിലപ്പോൾ ഭീതി അകറ്റാനുള്ള മരുന്നുകളും യാഥാർഥ്യമായുള്ള അവരുടെ അന്തരം കുറയ്ക്കുവാൻ അനിവാര്യമാണ്.
ഒഴിവാക്കേണ്ട അപകടം
ചെറുതല്ലാത്ത ഒരുവിഭാഗം ചികിത്സാരീതികളെ ഭയന്ന് ഓൾട്ടർനേറ്റീവ് തെറാപ്പിക്ക് പോകുന്നുണ്ട്. ശാസ്ത്രീയമായി അടിസ്ഥാനമോ, പ്രാവീണ്യമോ ഇല്ലാത്ത നാട്ടുവൈദ്യൻമാരുടെ പ്രേരണയാൽ അസുഖം മൂർച്ഛിച്ച് കീഴ്പ്പെടുന്നത് കൂടിവരുന്ന ഒരു കാലഘട്ടമാണിത്. നവമാധ്യമങ്ങളിലൂടെ അദ്ഭുതചികിത്സ, ക്യാൻസർ മാറ്റുന്ന ചെടികൾ, ഭക്ഷണരീതികൾ, തുള്ളിമരുന്നുകൾ എന്നുതുടങ്ങി ഒരു വലിയ വ്യവസായമായിത്തന്നെ ഇത് വളർന്നു കഴിഞ്ഞു. ഇവയെക്കെതിരേ യാഥാർഥ്യബോധത്തോടെ ശാസ്ത്രീയ രീതിയിൽ അധിഷ്ഠിതമായ ചികിത്സാരീതികളെ പ്രോത്സാഹിപ്പിക്കേണ്ടത് അന്തരം കുറയ്ക്കുവാനുള്ള ശ്രമങ്ങളിൽ ഉൾപ്പെടുത്തേണ്ടതാണ്.
ലോക ക്യാൻസർ ദിനത്തിൽ അന്തരങ്ങൾ അകറ്റാം എന്ന ക്യാംപെയിനിന്റെ ആദ്യവർഷത്തിന്റെ തുടക്കമാണ് ഇന്ന്. ക്യാൻസർ രോഗികൾക്ക് നേരിടേണ്ടിവരുന്ന ചില അന്തരങ്ങൾ മാത്രമാണ് ഇവിടെ വിലയിരുത്തിയിരിക്കുന്നത് മൂന്നുവർഷത്തെ “ക്ലോസ് ദ് കെയർ ഗ്യാപ്’പ്രവർത്തനങ്ങളിലൂടെ സമൂലമായ ഒരുമാറ്റം ക്യാൻസർ ചികിത്സയിൽ ഉണ്ടാകും എന്ന് കരുതാം അതിനായി പ്രയത്നിക്കാം.
കടപ്പാട്
Discussion about this post