നിരത്തിലെ ഗതാഗതനിയമലംഘനങ്ങള്‍ പിടികൂടാന്‍ മോട്ടോര്‍വാഹന വകുപ്പ് സ്ഥാപിച്ച ക്യാമറകളെ എങ്ങിനെ കബളിപ്പിക്കാം എന്നാണ് മലയാളി ചിന്തിക്കുന്നത്. ക്യാമറകൾ ഉള്ള സ്ഥലം എത്തുമ്പോൾ സീറ്റ് ബെൽറ്റ് ധരിക്കുകയും ഹെൽമെറ്റ് വെക്കുകയും ചെയ്യുക എന്നതാണ് പതിവ് രീതി. എന്നാൽ പുതുതായി സ്ഥാപിച്ച ക്യാമറകൾ എന്നും ഒരേ സ്ഥലത്തുണ്ടാകില്ല എന്നാണ് മോട്ടോർ വാഹന വകുപ്പ് പറയുന്നത്.
സ്ഥലംമാറ്റാന്‍ കഴിയുന്നവിധത്തിലാണ് ക്യാമറകള്‍ ഘടിപ്പിച്ചിട്ടുള്ളത്. കേബിളുകള്‍ക്കു പകരം മൊബൈല്‍ ഇന്റര്‍നെറ്റിലൂടെയാണ് ക്യാമറകള്‍ കണ്ട്രോള് റൂമിലേക്ക് ബന്ധിപ്പിച്ചിട്ടുള്ളത്. സൗരോര്‍ജത്തിലാണ് പ്രവര്‍ത്തനം. അതുകൊണ്ട് തന്നെ ഇടയ്ക്ക് വെച്ച് ക്യാമറകളുടെ സ്ഥാനം മാറുമെന്നാണ് മോട്ടോർ വാഹന വകുപ്പിന്റെ മുന്നറിയിപ്പ്.
ക്യാമറകളുടെ സ്ഥാനം മനസ്സിലാക്കി പിഴയില്‍നിന്നു രക്ഷപ്പെടുക എളുപ്പമാകില്ല. അപകടമേഖലകള്‍ (ബ്ലാക്ക് സ്പോട്ടുകള്‍) മാറുന്നതനുസരിച്ച് ക്യാമറകള്‍ പുനര്‍വിന്യസിക്കാം. നിര്‍മിതബുദ്ധിയില്‍ പ്രവര്‍ത്തിക്കുന്ന 725 ക്യാമറകളാണ് സ്ഥാപിച്ചിട്ടുള്ളത്. 200 മീറ്റര്‍ ദൂരെനിന്നുള്ള നിയമലംഘനങ്ങള്‍ സ്വയം കണ്ടെത്തി പിഴ ചുമത്താന്‍ ത്രീഡി ഡോപ്ലര്‍ ക്യാമറകള്‍ക്കു കഴിയും.
ഇരുചക്ര വാഹനങ്ങളില്‍ രണ്ടിലധികം പേര് യാത്രചെയ്യുക, സീറ്റ് ബെല്‍റ്റ്, ഹെല്‍മെറ്റ് എന്നിവ ഉപയോഗിക്കാതിരിക്കുക, ഡ്രൈവിങ്ങിനിടെയുള്ള മൊബൈല്‍ ഫോണ്‍ ഉപയോഗം എന്നിവ ക്യാമറകള്‍ സ്വയം കണ്ടെത്തും. അമിതവേഗം, സിഗ്നല്‍ ലൈറ്റ് ലംഘനം എന്നിവ പിടികൂടാന്‍ വേറെ ക്യാമറകളുണ്ട്. നമ്പര്‍ ബോര്‍ഡ് സ്കാന്‍ ചെയ്ത് വാഹന്‍ വെബ്സൈറ്റിലെ വിവരങ്ങളുമായി ഒത്തുനോക്കാനുള്ള സംവിധാനവുമുണ്ട്. രേഖകള്‍ കൃത്യമല്ലെങ്കില്‍ അക്കാര്യം ക്യാമറതന്നെ കണ്ടെത്തും.
രജിസ്ട്രേഷന് ,ഇന്‍ഷുറന്‍സ്, പെര്‍മിറ്റ്, ഫിറ്റ്നസ്, എന്നിവയില്ലാത്ത വാഹനങ്ങള്‍ നിരത്തിലിറങ്ങിയാല്‍ പിടിക്കപ്പെടും. ആംബുലന്‍സുകള്‍ക്കുപുറമെ, അടിയന്തരസാഹചര്യങ്ങളില്‍ പോലീസ്, അഗ്നിശമനസേനാ വാഹനങ്ങള്‍ക്ക് വേഗ നിയന്ത്രണത്തില്‍ ഇളവുണ്ട്. വി.വി.ഐ.പി.കളുടെ വാഹനങ്ങള്‍ക്കും സുരക്ഷാകാരണങ്ങളാല്‍ ഇളവ് നല്‍കുന്നുണ്ട്. ക്യാമറകള്‍ക്കായി 235 കോടി രൂപയാണ് മോട്ടോര്‍വാഹന വകുപ്പ് മുടക്കുന്നത്. അഞ്ചുവര്‍ഷത്തേക്ക് 20 തവണകളായാണ് കെല്‍ട്രോണിന് തുക കൈമാറുക.
Discussion about this post