തിരുവനന്തപുരം: സംസ്ഥാനത്തെ സാമ്പത്തിക സ്ഥിതി വളരെ മോശമായ അവസ്ഥയിലേക്ക് നീങ്ങുന്നതായി സി എ ജി. സംസ്ഥാന സര്‍ക്കാരിനെ അതിരൂക്ഷമായി വിമര്‍ശിച്ച് സിഎജി (കംപ്ട്രോളർ ആന്‍ഡ് ഓഡിറ്റർ ജനറൽ) റിപ്പോര്‍ട്ട്. ചില സ്ഥാപനങ്ങളുടെ കണക്കുകള്‍ മറച്ചുവയ്ക്കുന്നതായും 2020-21 വര്‍ഷത്തെ സാമ്പത്തിക അവലോകന റിപ്പോര്‍ട്ടില്‍ സിഎജി കുറ്റപ്പെടുത്തി. കിഫ്ബി, കെഎസ്എസ്പിഎല്‍ എന്നീ സ്ഥാപനങ്ങള്‍ ബജറ്റിന് പുറത്തു കടമെടുക്കുകയാണ്. ധനകാര്യ കണക്കില്‍ ഇത് ഉള്‍പ്പെടുത്തേണ്ടതാണെന്നു സിഎജി നിർദേശിച്ചു. കണക്കുകളുടെ തീര്‍പ്പാക്കല്‍ മുടങ്ങുന്നത് അവസാനിപ്പിക്കണമെന്ന് 2020ലെ ഓഡിറ്റ് റിപ്പോര്‍ട്ടില്‍ നിര്‍ദേശിച്ചിരുന്നു. എന്നാല്‍ 2021ല്‍ കണക്കുകള്‍ തീര്‍പ്പാക്കാത്ത ഫയലുകള്‍ വര്‍ധിക്കുകയാണുണ്ടായത്.
വരവും ചെലവും തമ്മില്‍ വന്‍ അന്തരം. ബജറ്റില്‍ പറയുന്നതിനെക്കാള്‍ എല്ലാ വകുപ്പുകളിലും അധികമായി തുക അനുവദിക്കുന്നു. എന്നാല്‍ ചെലവിന്റെ വ്യക്തമായ കണക്കുകള്‍ നല്കാത്തതിനാല് ഒട്ടു മിക്ക വകുപ്പുകളിലും ഓഡിറ്റുകള്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കുന്നില്ലെന്നാണ് സിഎജിയുടെ വിലയിരുത്തൽ. സംസ്ഥാനത്തിന്റെ റവന്യൂ കമ്മി 2020-21 ല്‍ 25,829.50 കോടിയായി വര്‍ധിച്ചു. മുന്‍ സാമ്പത്തിക വര്‍ഷത്തേക്കാള്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷം ധനകമ്മിയില്‍ 17,132.22 കോടി രൂപയുടെ വര്‍ധന. സംസ്ഥാന റവന്യൂ വരുമാനങ്ങളുടെ 69.38 ശതമാനത്തില്‍ 20,975.36 കോടി രൂപ പലിശയയിനത്തിനും ശമ്പളത്തിനും പെന്‍ഷനുകള്‍ക്കും വേണ്ടിയാണ് ചെലവഴിക്കുന്നത്. റവന്യൂ വരവിനെക്കാള്‍ അധികം ധന വിനിയോഗമാണ് സംസ്ഥാനത്ത് നടക്കുന്നത്.
2021 സാമ്പത്തിക വര്‍ഷം അവസാനം സംസ്ഥാനത്തിന്റെ പൊതു കടം 30,817.51 കോടിയായി ഉയര്‍ന്നു. ആസൂത്രണത്തില്‍ 23.25 ശതമാനം ചെലവുകള്‍ നടത്തിയപ്പോള്‍ 76.75 ശതമാനം ആസൂത്രണമില്ലാതെയാണ് ചെലവഴിച്ചത്. സര്‍ക്കാരിന്റെ കാര്യക്ഷമതയില്ലായ്മ കാരണം ചില വകുപ്പുകളുടെ പ്രവര്‍ത്തനം വളരെ മോശം പ്രവര്‍ത്തനത്തിലേക്കു നീങ്ങുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു.
കേരള വാട്ടര്‍ അഥോറിറ്റി (4,532.84 കോടി), കേരള സംസ്ഥാന ഹൗസിങ് ബോര്‍ഡ് (1,752.76 കോടി), കെഎസ്ഇബി (1,786.23 കോടി), ഗതാഗത കോര്പറേഷന് (4,245.27 കോടി) എന്നീ സ്ഥാപനങ്ങൾ സര്‍ക്കാര്‍ മുന്‍കൂറായി നല്കുന്ന വായ്പകളുടെ തിരച്ചടവില്‍ വന്‍ വീഴ്ച വരുത്തി. 2021ലെ ട്രഷറി കണക്കുകള്‍ യഥാസമയം സി എ ജിക്കു നല്‍കിയില്ല. ഗവര്‍ണര്‍, മന്ത്രിസഭ, പി എസ് സി, സെക്രട്ടേറിയറ്റ് പൊതു സര്‍വീസുകള്‍, സെക്രട്ടേറിയറ്റ് സാമൂഹിക സര്‍വീസുകള്‍, സെക്രട്ടേറിയറ്റ് സാമ്പത്തിക സര്‍വീസുകള്‍ എന്നീ വിഭാഗങ്ങളിലേക്കായി നീക്കിവച്ച തുകയില്‍ ചെലവഴിച്ചിതു കഴിഞ്ഞുള്ള തുക പൂര്‍ണമായും ധനവകുപ്പിലെ കണക്കില്‍ വന്നില്ല. കണക്കുകളിലും ഏറ്റക്കുറച്ചിലുകള്‍ കാണുന്നു. 34 പൊതുമേഖലാ സ്ഥാപനങ്ങള്‍ക്ക് 2,688.67 കോടി രൂപ സഹായധനവും വായ്പകളും നല്‍കിയിട്ടുണ്ട്. 16 സ്ഥാപനങ്ങളുടെ കണക്കുകള്‍ അന്തിമമല്ലാത്തതിനാല്‍ ഓഡിറ്റ് ചെയ്യാന്‍ സാധിച്ചില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
Discussion about this post