കൊയിലാണ്ടി: മഹാത്മജി ഇല്ലാത്ത ഇന്ത്യ മതരാഷ്ട്രമാകുമെന്ന് വ്യാമോഹിച്ച വർഗ്ഗീയ ശക്തികളെ നിരാശപ്പെടുത്തി മതനിരപേക്ഷ ഇന്ത്യയുടെ നിലക്കാത്ത നെഞ്ചിടിപ്പായി മഹാത്മജി ഇന്നും ജീവിക്കുന്നുവെന്ന് കോൺഗ്രസ്സ് നേതാവ് സി വി ബാലകൃഷ്ണൻ അഭിപ്രായപ്പെട്ടു.
കേരള പ്രദേശ് ഗാന്ധി ദർശൻ വേദി കൊയിലാണ്ടി നിയോജക മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ‘മഹാത്മാവിനു പ്രണാമം’ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വരും തലമുറകളേയും സ്വാധീനിക്കാൻ കഴിയും വിധം മാനവികതയിലധിഷ്ഠിതമാണ് ഗാന്ധിയൻ ദർശനങ്ങളുടെ അന്ത:സത്തയെന്നും, ശ്രീബുദ്ധനോളം പഴക്കമുള്ള അഹിംസാ സിദ്ധാന്തത്തെ സമരപഥങ്ങളിലേക്കൊഴുക്കിയതാണ് മാഹത്മജി ആധുനിക ലോകത്തിനു നല്കിയ വലിയ സംഭാവനയെന്നും അദ്ദേഹം പറഞ്ഞു.
ആസക്തിയിൽ നിന്നുള്ള വിടുതലാണ് സ്വാതന്ത്ര്യം എന്ന് നമ്മെ പഠിപ്പിച്ച ബാപ്പുജി വിഭവങ്ങളോടും വൈകാരികതകളോടും കഠിനമായ മിതത്വം പാലിച്ച് ലാളിത്യത്തിന്റെ അഴകാർന്ന സുതാര്യതയിൽ ജനങ്ങളോടു സംവദിക്കുകയായിരുന്നു, അദ്ദേഹം തുടർന്നു പറഞ്ഞു.
രാജീവൻ മഠത്തിൽ അദ്ധ്യക്ഷത വഹിച്ചു. വി വി സുധാകരൻ, സി കെ മുരളീധരൻ, പ്രേമൻ നന്മന, കെ അബ്ദുൾ ഷുക്കൂർ, ടി വി സജീവൻ, കെ വി ശിവാനന്ദൻ, വി കെ രാമകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.
Discussion about this post