തിക്കോടി: തിങ്കളാഴ്ച രാത്രി അവസാന ട്രിപ്പിലാണ് ബസ്സിൻ്റെ റാക്കിൽ ഒരു പൊതി, കണ്ടക്ടർ പ്രദീപൻ്റെ ശ്രദ്ധയിൽ പെടുന്നത്. ഓട്ടം കഴിഞ്ഞ് കൊയിലാണ്ടിയിലെത്തിയപ്പോഴും പൊതിയുടെ ഉടമസ്ഥരാരെയും കാണാത്തതു കൊണ്ട് പൊതി ബസ്സിലുള്ള പെട്ടിയിലേക്ക് മാറ്റി. പിറ്റേ ദിവസവും ആരും തിരക്കി വന്നില്ല. അടുത്ത ദിവസം അനിശ്ചിതകാല ബസ് സമരം തുടങ്ങുന്നത് കാരണം, പൊതി ബസ്സിൽ വെയ്ക്കുന്നത് ഉചിതമല്ലെന്നത് കൊണ്ട് ബുധനാഴ്ച രാത്രി പൊതിയുമായി വീട്ടിലെത്തി, പരിശോധിച്ചു.
ആദ്യം ഇത്തിരി മിഠായിയൊക്കെയായിരുന്നു, ശ്രദ്ധയിൽ പെട്ടത്. പിന്നീടാണ് 500 രൂപയുടെ 3 കെട്ടുകളായി സൂക്ഷിച്ച പണം ശ്രദ്ധയിൽ പെട്ടത്. പണം കണ്ടതോടെ ആകെ ഭയമായി. പിന്നെ പൊതിയിലുണ്ടായിരുന്ന മറ്റ് വസ്തുക്കൾ കൂടി പരിശോധിച്ചപ്പോഴാണ് ബാങ്ക് പാസ്സ് ബുക്കും, എ ടി എം കാർഡും, പണം പിൻവലിച്ച ബാങ്ക് രശീതിയുമൊക്കെ ലഭിക്കുന്നത്. തുടർന്ന് രശീതിയിൽ കണ്ട ഫോൺ നമ്പറിൽ വിളിച്ച് നോക്കി…. ഇത്രയും ഒറ്റ ശ്വാസത്തിൽ പറയുമ്പോൾ പ്രദീപന് വിറയൽ മാറിയിട്ടുണ്ടായിരുന്നില്ല. പണത്തിൻ്റെ മൂല്യവും നഷ്ടപ്പെടുമ്പോഴുള്ള വ്യഥയും നന്നായറിയുന്ന തിക്കോടി പെരുമാൾപുരം നല്ലോളി പ്രദീപൻ തൻ്റെ ഏറ്റവുമടുത്ത സുഹൃത്തിനെ വിളിച്ച് കാര്യം അവതരിപ്പിച്ചു.
അപ്പോഴേക്കും, മൂരാട് സ്വദേശിയായ പൊതിയുടെ ഉടമസ്ഥനും, അദ്ദേഹത്തിൻ്റെ സഹോദരനും ആ രാത്രിയിൽ തന്നെ പ്രദീപിൻ്റെ വീട്ടിലെത്തിയിരുന്നു. തിരിച്ച് കിട്ടാത്ത വിധം നഷ്ടപ്പെട്ടു എന്നു കരുതിയ പണം പ്രദീപൻ്റെ കൈയിൽ നിന്നും കിട്ടിയതോടെ ഇരിങ്ങൽ മൂരാട് സ്വദേശിയായ ശ്രീജിത്ത് നടുവിലെ വള്ളുവശ്ശേരിയും ഏറെ ആഹ്ലാദവാനായി. സുഹൃത്തിൻ്റെ സാന്നിദ്ധ്യത്തിൽ ഒന്നര ലക്ഷത്തോളം രൂപയടങ്ങിയ ആ പൊതി ഉടമസ്ഥന് തിരിച്ചേൽപിച്ചു.
ചെറിയ തുകയും, പച്ചക്കറി, തുടങ്ങി മറ്റു വസ്തുക്കളും ആളുകൾ മറന്ന് വെച്ച് പോകാറുണ്ടെങ്കിലും ഇത്രയധികം തുകയടങ്ങിയ പൊതി ലഭിക്കുന്നത്, തൻ്റെ 32 വർഷത്തെ ബസ്സ് ജീവിതത്തിനിടയിൽ ഇതാദ്യമാണെന്ന് പ്രദീപൻ പറയുന്നു. പോലീസിൽ ഏൽപിക്കാനാണ് തോന്നിയതെങ്കിലും ഫോൺ നമ്പർ കണ്ടതോടെ നേരിട്ടു വിളിച്ച് കൈമാറുന്നതാണ് നല്ലതെന്ന് തോന്നി. കൊയിലാണ്ടി – വടകര റൂട്ടിൽ സർവീസ് നടത്തുന്ന സജോഷ് ബസ്സിലെ ജീവനക്കാരനാണ് പ്രദീപൻ. ഭാര്യ സിന്ധു, മക്കൾ അമൽ, അഖിൽ.
Discussion about this post